ചില്ലറക്കളിയല്ല ,ബഹിരാകാശത്തൊരു സൗരോർജ്ജ അണക്കെട്ട്!!!
അണകെട്ടി തടുത്തു നിർത്തി എന്നൊക്കെ കേട്ടിട്ടില്ലേ ….എന്നാൽ സൂര്യ രശ്മികളെ അണകെട്ടി നിർത്തി എന്ന കേട്ടിട്ടുണ്ടോ …സംഭവം ചില്ലറക്കാര്യം അല്ല . ബഹിരാകാശത്തൊരു അണക്കെട്ട്! ഇങ്ങിനെ ശേഖരിച്ച സൗരോര്‍ജം വൈദ്യുത കാന്തിക തരംഗങ്ങളായ മൈക്രോവേവുകളാക്കി ഭൂമിയിലെത്തിച്ച് മനുഷ്യന്റെ അനന്തമായ ആവശ്യങ്ങളിലേക്ക് ഉപയോഗിക്കാൻ പോകുന്നു .കേൾക്കുമ്പോൾ ചുമ്മാ തള്ള് എന്നൊക്കെ തോന്നുമെങ്കിലും കാര്യം സത്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന.
വിദൂരമല്ലാത്ത ഭാവിയിൽ അതും സാധ്യമാവാന്‍ പോകുന്നെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് 36,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഒരു കിലോമീറ്റര്‍ വീതിയിലാണ് ഈ സൗരോര്‍ജ നിലയം സ്ഥാപിക്കാൻ പോവുന്നത്. ഒരു കൂട്ടം വലിയ സൗരോര്‍ജ പാനലുകൾ ബഹിരാകാശത്ത് വിന്യസിച്ചാണ് ഈ സൗരോര്‍ജ നിലയം യാഥാര്‍ഥ്യമാക്കുക. ഭൂമിക്ക് മുകളിലുള്ള മറ്റൊരു ത്രീ ഗോര്‍ജസ് ഡാം പദ്ധതി എന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
22,500 മെഗാവാട്ട് വൈദ്യുതി വൈദ്യുതി ഉല്പാദിപ്പിക്കാൻ ശേഷിയുള്ള സൗരോര്‍ജ നിലയം ബഹിരാകാശത്തും സ്ഥാപിക്കുകയാണ് ചൈന പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൗരോര്‍ജം ഇടതടവില്ലാതെ ലഭ്യമാകുമെന്നതിനാൾ വൈദ്യുതി ഉല്പാദനത്തിൽ യാതൊരു തടസ്സവും നേരിടില്ലെന്നതാണ് ബഹിരാകാശത്ത് സൗരോര്‍ജ പദ്ധിതി കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. രാവും പകലും വ്യത്യാസമില്ലാതെ സൗരോര്‍ജം ശേഖരിക്കാനും കാലാവസ്ഥാ വ്യതിയാനം, മേഘ പാളികൽ തുടങ്ങിയവ മൂലം സൗരോര്‍ജ ലഭ്യതയിലുണ്ടാവുന്ന പ്രശ്നങ്ങളില്‍ നിന്നെല്ലാം മുക്തമായിരിക്കാനും ബഹിരാകാശ സൗരോര്‍ജ നിലയത്തിന് സാധ്യമാവുമെന്നത് പദ്ധതിയെ വ്യത്യസ്ഥമാക്കുന്നു.
അന്തരീക്ഷത്തിലെയും മേഘങ്ങളിലെയും ഈര്‍പ്പം ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ആഗിരണം ചെയ്യുന്നുവെന്ന പ്രശ്നമുള്‍പ്പെടെ അതിജയിക്കാനും പദ്ധതിയിലൂടെ സാധിക്കും. ഈ സൗരോര്‍ജ നിലയത്തില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ശേഖരിക്കുന്ന ഊര്‍ജ്ജം ഭൂമിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ആകെ എണ്ണയുടെ അളവിന് തുല്യമായിരിക്കും എന്നാണ് പദ്ധതിയുടെ ഉപജ്ഞാതക്കളും പറയുന്നത്.
ത്രീ ഗോര്‍ജസ് അണക്കെട്ടിനെ ഭൂമിയില്‍ നിന്ന് 36,000 കി.മീ ഉയരത്തിലുള്ള ഭൂസ്ഥിര പരിക്രമണപഥത്തിലേക്ക് മാറ്റുന്നത് പോലെ പ്രതീക്ഷിയ്ക്ക് വകയുള്ള അവിശ്വസനീയമായ പദ്ധതിയാണിത് .
ഒരു കൂട്ടം സൗരോര്‍ജ പാനലുകൾ റോക്കറ്റുകളുടെ സഹായത്തോടെ ബഹിരാകാശത്തെത്തിക്കുകയാണ് നിര്‍മാണത്തിന്റെ ആദ്യ ഘട്ടം. ബഹിരാകാശത്ത് വച്ച് സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം തുടര്‍ച്ചയായി ശേഖരിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്ന നിരവധി ബഹിരാകാശഅധിഷ്ഠിത സോളാര്‍ പവർ സാങ്കേതികവിദ്യകൾ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഭൂമിയുടെ ഉപരിതലത്തേക്കാള്‍ 10 മടങ്ങ് കൂടുതല്‍ തീവ്രതയുള്ള ബഹിരാകാശത്ത് പദ്ധതി പ്രാവര്‍ത്തികമാക്കല്‍ വലിയ വെല്ലുവിളി നിറഞ്ഞതാണ്.
ഇത്തരത്തില്‍ ബഹിരാകാശത്ത് ഭീമന് സൗരോര്‍ജ നിലയം സ്ഥാപിക്കണമെങ്കില്‍ നിരവധി സൗരോര്‍ജ പാനലുകളുടെ നീണ്ട നിരതന്നെ അവിടെ സ്ഥാപിക്കേണ്ടിവരും. റോക്കറ്റുകള്‍ വഴി ഈ പാനലുകള്‍ അവിടെയെത്തിക്കാന്‍ ഒട്ടനവധി വിക്ഷേപണങ്ങളും നടത്തിയേ മതിയാവൂ. ഈ പ്രശ്നം പരിഹരിക്കാന്‍ മാര്‍ച്ച്9 എന്ന പുനരുപയോഗിക്കാവുന്ന ഹെവിലിഫ്റ്റ് റോക്കറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചൈനയിപ്പോൾ . പദ്ധതിയുടെ വിക്ഷേപണ വാഹനമായി വിശേഷിപ്പിക്കപ്പെടുന്ന ഇതിന് കുറഞ്ഞത് 150 ടണ്‍ വഹിക്കാനുള്ള ശേഷിയുണ്ടാകുമെന്നാണ് കരുതുന്നത് . ഈ റോക്കറ്റുകൾ വികസിപ്പിക്കുന്നതും ഈ മേഖലയിലെ ചൈനയുടെ വലിയ കുതിച്ചുചാട്ടമായിരിക്കും.
130 ടണ്‍ ശേഷിയുള്ള നാസയുടെ സാറ്റേണ്‍ വി, സ്പേസ് ലോഞ്ച് സിസ്റ്റം ഹെവിലിഫ്റ്റ് റോക്കറ്റുകളെ മറികടന്ന്, താഴ്ന്ന ഭ്രമണപഥത്തിലേക്ക് 150 ടണ്‍ വരെ വഹിക്കാന്‍ കഴിയുമെന്നതാണ്പ്രത്യേകത. ബഹിരാകാശത്ത് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുക എന്ന ആശയം പതിറ്റാണ്ടുകളായി ശാസ്ത്ര വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഈ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഏറ്റവും ശക്തമായ ചുവടുവെപ്പുകളാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്.
കുറഞ്ഞ ചെലവില്‍ കാര്യക്ഷമമായ രീതിയില്‍ സൗരോര്‍ജമുപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതികള്‍ സമീപകാലത്ത് ഏറെ നിലവില്‍ വന്നിട്ടുണ്ടെങ്കിലും രാത്രിയില്‍ സൂര്യപ്രകാശം ലഭിക്കില്ലന്നതും ഇടയ്ക്കിടെ അന്തരീക്ഷം മേഘാവൃതമായി മാറുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധികളും ഈ പദ്ധതികളുടെ ഗുണം വേണ്ടത്ര ലഭിക്കാതിരിക്കുന്നതിന് കാരണമായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധ്യമാവുമെന്നാണ് പ്രതീക്ഷ.
ഈ ഭീമാകാരമായ സൗരോര്‍ജ്ജ ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനുള്ള സൗരോര്‍ജ പാനലുകൾ രാജ്യത്തിന്റെ പുതിയ ഹെവി ലിഫ്റ്റ് റോക്കറ്റുകള്‍ ഉപയോഗിച്ച് ഭ്രമണപഥത്തിലേക്ക് ഓരോന്നായി ഉയര്‍ത്തും. ഒരു കിലോമീറ്റര്‍ വീതിയിലാണ് ബഹിരാകാശത്ത് ഒരു വലിയ സോളാര്‍ പവര്‍ സ്റ്റേഷന് നിര്‍മ്മിക്കുക. ഇതിലൂടെ നിര്‍മിക്കുന്ന ഊര്‍ജം മൈക്രോവേവ് വഴി ഭൂമിയിലേക്ക് തുടര്‍ച്ചയായി തിരികെ എത്തിക്കും. ഭൂമിക്ക് മുകളിലുള്ള സ്ഥാനം കാരണം, ഭൂമിയിലെ സോളാര്‍ പാനലുകളേക്കാള്‍ പത്തിരട്ടി കൂടുതല്‍ കാര്യക്ഷമതയോടെ സൂര്യപ്രകാശത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റാന്‍ ഇതിനാവും. കൂടാതെ, ഇത് എല്ലാ ദിവസവും ഓരോ സെക്കന്‍ഡിലും സൂര്യപ്രകാശം ശേഖരിക്കും. ഇന്ന് സൗരോര്‍ജ്ജത്തെ ബാധിക്കുന്ന ഇടയ്ക്കിടെയുള്ള പ്രശ്നങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കും’ ലോങ് പറഞ്ഞു. അമേരിക്കയ്ക്കും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിക്കും ജപ്പാനിലെ ജാക്സ ബഹിരാകാശ ഏജന്സിക്കുംമെല്ലാം ഇത്തരത്തിലുള്ള പദ്ധതി വികസിപ്പിക്കാന്‍ ആലോചനയുണ്ട്.