പൈലറ്റ് പ്രതിസന്ധി രൂക്ഷം; 38 വിമാനങ്ങള്‍ റദ്ദാക്കി വിസ്താര
പ്രധാന നഗരങ്ങളില്‍ നിന്ന് യാത്ര പുറപ്പെടേണ്ട 38 വിമാനങ്ങള്‍ പൈലറ്റുമാരുടെ കുറവ് കാരണം വിസ്താര എയർലൈൻസ് ഇന്ന് രാവിലെ റദ്ദാക്കി. മുംബയില്‍ നിന്ന് പുറപ്പെടുന്ന 15 വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും ബംഗളൂരുവില്‍ നിന്നുള്ള 11 വിമാനങ്ങളുമാണ് റദ്ദാക്കിയത്.
ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിസ്താരയുടെ പല വിമാനങ്ങളും റദ്ദാക്കുന്നുണ്ടായിരുന്നു. ഇനിയും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് എയർലൈൻ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലും പറഞ്ഞിട്ടുണ്ട്. ഇന്നലെ മാത്രം 50 വിസ്താര വിമാനങ്ങള്‍ റദ്ദാക്കുകയും 160 എണ്ണം വൈകുകയും ചെയ്തിരുന്നു.
‘ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ഞങ്ങള്‍ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം താല്‍ക്കാലികമായി കുറയ്ക്കാൻ തീരുമാനിച്ചു. തടസങ്ങള്‍ നേരിട്ടതിന് യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു.’ – എന്നാണ് പ്രസ്താവനയില്‍ പറഞ്ഞിട്ടുള്ളത്. ഇതുമൂലം ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി ഞങ്ങളുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്ബനി അറിയിച്ചു. എന്നാല്‍, എത്ര വിമാനങ്ങള്‍ റദ്ദാക്കുമെന്നതിനെക്കുറിച്ച് വിശദാംശങ്ങളൊന്നും ഇതില്‍ നല്‍കിയിട്ടില്ല.
ദീര്‍ഘനേര കാത്തിരിപ്പും അസൗകര്യവും ഒഴിവാക്കുന്നതിന് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്ബ് എയര്‍ലൈനുമായി ബന്ധപ്പെട്ട ശേഷം വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും യാത്രക്കാര്‍ക്ക് വിസ്താര നിർദേശം നല്കി. എല്ലാം ഉടൻ പഴയതുപോലെ ആക്കുമെന്നും വിസ്താര അറിയിച്ചു.