മയക്കുമരുന്ന് സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട ഏകദേശം നാല് കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി പൊലീസ്

വടക്ക്-പടിഞ്ഞാറൻ ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട ഏകദേശം നാല് കോടി രൂപയുടെ സ്വത്തുക്കള്‍ പൊലീസ് കണ്ടുകെട്ടി.സുല്‍ത്താൻപുരി നിവാസിയായ കുസുമം എന്ന ഗാങ് ലീഡർ എന്ന് കരുതുന്ന സ്ത്രീയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ മയക്കുമരുന്ന് റാണി എന്നാണ് ഇവരെ പൊലീസ് വിശേഷിപ്പിക്കുന്നത്.
ഈ വർഷം മാർച്ചില്‍ കുസുമത്തിന്റെ വീട്ടില്‍ നടന്ന പൊലീസ് റെയ്ഡില്‍ ഇവരുടെ മകൻ പിടിയിലാവുകയും മയക്കുമരുന്ന്, പണം, ഒരു ആഢംബര എസ്യുവി എന്നിവ കണ്ടെത്തുകയും ചെയ്തതുമുതല് കുസുമം ഒളിവിലാണ്. അതിനുശേഷം ഇവരെ കണ്ടെത്താനായിട്ടില്ല. നടപടികളുടെ ഭാഗമായി പൊലീസ് എട്ട് സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇതില്‍ ഏഴെണ്ണം സുല്‍ത്താൻപുരിയിലും ഒരെണ്ണം രോഹിണിയിലെ സെക്ടർ 24-ലുമാണ്. അനധികൃത മയക്കുമരുന്ന് വ്യാപാരത്തിലൂടെ നേടിയ പണം ഉപയോഗിച്ചാണ് ഈ സ്വത്തുക്കള്‍ വാങ്ങിയതെന്ന് അധികൃതർ കരുതുന്നു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) നിയമപ്രകാരം കുസുമത്തിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. വടക്ക്-പടിഞ്ഞാറൻ ദില്ലിയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവർത്തിച്ചിരുന്ന ഒരു മയക്കുമരുന്ന് വിതരണ ശൃംഖലയുടെ സൂത്രധാരയാണ് ഇവർ. മാർച്ചില്‍ നടന്ന റെയ്ഡില്‍ കുസുമത്തിന്റെ മകൻ അമിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നു. 550 പാക്കറ്റ് ഹെറോയിൻ, ധാരാളം ട്രാമഡോള്‍ ഗുളികകള്‍ (പൊതുവെ മയക്കുമരുന്നായി ഉപയോഗിക്കുന്നവ), 14 ലക്ഷം രൂപ പണം, ഒരു മഹീന്ദ്ര സ്കോർപിയോ എസ്യുവി എന്നിവ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. ഈ കണ്ടെത്തലുകള്‍ സിൻഡിക്കേറ്റിന്റെ പ്രവർത്തന വ്യാപ്തിയെക്കുറിച്ച് പൊലീസിന് സൂചന നല്കി.