ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം ഉയര്‍ത്താന്‍ തീരുമാനിച്ച് പുതുച്ചേരി സര്‍ക്കാര്‍

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ച് പുതുച്ചേരി സര്‍ക്കാര്‍. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി എന്‍ രംഗസ്വാമിയാണ് പ്രതിഫലം ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയിച്ചത്. നിലവില്‍ 10,000 രൂപയാണ് ആശമാര്‍ക്ക് ലഭിക്കുന്നത്. ഇതില്‍ 7000 സംസ്ഥാനവും 3000 കേന്ദ്രവിഹിതവുമാണ്. ഇന്‍സെന്റീവിന് പുറമേയാണിത്. സംസ്ഥാനത്ത് 328 ആശ വര്‍ക്കര്‍മാരാണുള്ളത്.
ആശമാര്‍ നടത്തുന്ന സമരത്തിന്റെ എഫക്ട് ആയിട്ടാണ് പുതുച്ചേരി സര്‍ക്കാരിന്റെ നീക്കത്തെ കാണുന്നതെന്ന കേരള സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശമാര്‍ പറയുന്നു. ഓണറേറിയം വര്‍ധിപ്പിക്കുന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ സമരം നടത്തുന്നത്.
സമരം ഇന്ന് 47 ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നിരാഹാരം ഇരുന്ന ആശാപ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു ആശാവര്‍ക്കര്‍ കെ പി തങ്കമണി എന്നിവരെയാണ് കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ക്ക് പകരമായി പുത്തന്‍തോപ്പ് സി എച്ച് സി യിലെ ആശാവര്‍ക്കര്‍ ബീനാപീറ്റര്‍ , പാലോട് സി എച്ച് സി യിലെ എസ് എസ് അനിതകുമാരി എന്നിവര്‍ നിരാഹാര സമരം ഏറ്റെടുത്തു.