സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ നിത്യതയിലേക്ക് ;കണ്ണീരോടെ വിട

സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അല്‍വലീദ് ബിൻ ഖാലിദ് ബിൻ തലാല്‍ ബിൻ അബ്ദുല്‍ അസീസ് രാജകുമാരൻ അന്തരിച്ചു. സൗദി പ്രസ് ഏജൻസിയാണ് മരണവിവരം അറിയിച്ചത്. 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയില്‍ കിടന്നത്.
2005ല്‍ ലണ്ടനില്‍ പഠനത്തിനിടെയാണ് പതിനാറു വയസാകാരനായ അല്‍വലീദ് ബിൻ ഖാലിദിന് വാഹനാപകടത്തില്‍ തലച്ചോറിന് ഗുരുതരമായ ക്ഷതമേല്‍ക്കുകയും തുടർന്ന് കോമയിലാകുകയുമായിരുന്നു അദ്ദേഹം.
. അപകടത്തിനുശേഷം ഒരിക്കല്‍ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അല്‍വലീദ് ബിൻ ഖാലിദ് ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. അന്നുമുതല്‍ ഈ 20 വർഷവും കോമയിലായിരുന്നു.
ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻ രക്ഷാ സംവിധാനങ്ങള്‍ മാറ്റി മരണത്തിന് വിട്ടു കൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാല്‍ തയാറായില്ല. പകരം എല്ലാം വീട്ടിലൊരുക്കി മകൻ ദൈവം വിളിക്കുമ്ബോള്‍ പോകട്ടെയെന്ന് അല്‍ സൗദ് കുടുംബം നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകള്‍ തുറക്കാതിരിക്കുമ്ബോഴും സ്നേഹ പരിചരണത്താല്‍ രാജകുമാരൻ എപ്പോഴും ഭംഗിയോടെ കാണപ്പെട്ടു.
ഖാലിദ് ബിൻ തലാല്‍ തന്നെയാണ് മരണവിവരം സൗദി പ്രസ് ഏജന്‍സിയോട് സ്ഥീരീകരിച്ചത്. ലോകമാകെ ആർദ്രമായി ഉറ്റുനോക്കിയ ജീവിതമാണ് അവസാനിച്ചത്. . ഇന്ന് സൗദിയിലെങ്ങും പ്രാർത്ഥനകള്‍ നടക്കും.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് അല്‍ വലീദ്ന് 36 വയസ് തികഞ്ഞത്. 20 വർഷമായി ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സ തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.