16 വയസ്സിൽ താഴെയുള്ള കുട്ടികളോട് ലൈംഗിക അതിക്രമം; മലയാളി വൈദികനെ അറസ്റ്റ് ചെയ്ത് കനേഡിയൻ പൊലീസ്
പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചതിന് കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിലായി. കോഴിക്കോട് സ്വദേശിയും സീറോ മലബാർ സഭയിലെ വൈദികനുമായ ഫാദർ ജെയിംസ് ചെരിക്കൽ എന്ന 60 വയസ്സുകാരനാണ് അറസ്റ്റിലായത്. 16 വയസിൽ താഴെ പ്രായമുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്കാണ് ജെയിംസ് ചെരിക്കൽ അറസ്റ്റിലായത്.
അറസ്റ്റിന് പിന്നാലെ ടൊറന്റോ അതിരൂപത ജെയിംസ് ചെരിക്കലിനെ വൈദിക ചുമതലകളിൽ നിന്ന് താൽക്കാലികമായിനീക്കി. കേരളത്തിലെ ഏറ്റവും പ്രമുഖമായ കത്തോലിക്കാ സഭയിലെ വൈദികനാണ് കാനഡയിൽ അറസ്റ്റിലായിട്ടുള്ളത്. താമരശ്ശേരി അതി രൂപതയിലെ അംഗമാണ് ഫാദർ ജെയിംസ് ചെരിക്കൽ. കഴിഞ്ഞ മുപ്പത് വർഷമായി ടൊറന്റോ അതിരൂപതയിലെ നിരവധി പള്ളികളിൽ സേവനം ചെയ്യുകയായിരുന്നു ജെയിംസ് ചെരിക്കൽ. ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്ക ദേവാലയത്തിലെ വികാരിയായിരുന്നു ഫാദർ ജെയിംസ്.
ജെയിംസ് ചെരിക്കലിനെതിരെ ലൈംഗികാതിക്രമം, ലൈംഗിക ഇടപെടല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പീല്‍ റീജ്യണല്‍ പൊലിസ് അറസ്റ്റ് ചെയ്തത്. കനേഡിയൻ നിയമത്തിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെ സൂചിപ്പിക്കുന്ന പദമാണ് ലൈംഗിക ഇടപെടൽ എന്നത്.
ഇതിന് പിന്നാലെ വൈദികനെ പാസ്റ്ററല്‍ ശുശ്രൂഷയില്‍ നിന്ന് നീക്കം ചെയ്തതായി ടൊറന്റോ അതിരൂപത അറിയിച്ചു. നടപടിക്ക് പിന്നാലെ ഇയാള്‍ ജോലി ചെയ്തിരുന്ന സെന്റ് ജെറോംസ് പള്ളിയില്‍ ഡിസംബര്‍ 25നും ജനുവരി 3നും ഇടയിലുള്ള ദിവസങ്ങളില്‍ നടത്താനിരുന്ന വിശുദ്ധ കുര്‍ബാന റദ്ദാക്കിയതായും അതിരൂപത പ്രസ്താവനയില്‍ അറിയിച്ചു.
1997 മുതല്‍ ടൊറന്റോ അതിരൂപതയ്ക്ക് കീഴിലുള്ള വിവിധ ഇടവകകളില്‍ ജോലി ചെയ്ത് വരികയായിരുന്നു ഫാ. ചെരിക്കല്‍. കഴിഞ്ഞ വര്‍ഷമാണ് ബ്രാംപ്റ്റണിലെ പള്ളിയിലേക്ക് മാറിയത്. വിദേശ രാജ്യങ്ങളിലെ വൈദിക ഒഴിവുകള്‍ നികത്താന്‍ കേരളത്തില്‍ നിന്നും പോയ നൂറുകണക്കിന് വൈദികരില്‍ ഒരാളാണ് ഫാ ജെയിംസ്.
കാനഡയിലേക്ക് പോകുന്നതിന് മുന്‍പ് താമരശ്ശേരി രൂപതയുടെ വിവിധ പദവികളും ഇയാള്‍ നിര്‍വഹിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ കുടിയേറ്റക്കാര്‍ക്കായി സ്ഥാപിച്ച സിറോമലബാര്‍ മിഷനിലും ജെയിംസ് ചെരിക്കല്‍ പ്രവര്‍ത്തിച്ചിരുന്നു.
വിഷയം ഇപ്പോള്‍ കോടതികള്‍ക്ക് മുമ്പിലുള്ളതും അന്വേഷണത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതുമായതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്കാന് കഴിയില്ലെന്നും പീല്‍ പോലീസ് കനേഡിയന്‍ മാധ്യമങ്ങളോട് വിശദമാക്കിയത്.
ഡിസംബര്‍ 18നാണ് പീല്‍ റീജിയണല്‍ പൊലീസ് വൈദികനെതിരെ ലൈംഗികാതിക്രമം കുറ്റംചുമത്തി കേസ് എടുത്തത്. വൈദികൻറെ അറസ്റ്റിന്റെ വിവരങ്ങള്‍ ടൊറന്റോ അതിരൂപതയും സ്ഥിരീകരിച്ചിട്ടുണ്ട്. വൈദികന്റെ ഭാഗത്ത് നിന്ന് ആരോപണ വിധേയമായ രീതിയിലുള്ള പെരുമാറ്റ ദൂഷ്യം ഉണ്ടായതായി അറിയാന്‍ കഴിഞ്ഞു എന്നാണ് ഡിസംബര്‍ 20 ന് ടൊറന്റോ അതിരൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദമാക്കിയത്.
ദുഷ്പെരുമാറ്റ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഞങ്ങളുടെ പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും പാലിച്ച്, ഫാ. ചെരിക്കലിനെ പാസ്റ്ററൽ ശുശ്രൂഷയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു. മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ഏതൊരു ആരോപണത്തെയും ടൊറന്റോ അതിരൂപത, വളരെ ഗൗരവമായാണ് കാണുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
മലയാളികള്‍ അടക്കമുള്ളവര്‍ക്ക് പരിചിതനായ വൈദികനാണ് ഇദ്ദേഹം.അതുകൊണ്ട് തന്നെ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് ഫാദർ ജെയിംസ് അറസ്റ്റിലായത് അവരെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വാർത്തയാണ്.












