സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകീട്ട്; കൊച്ചിയില്‍ പൊതുദര്‍ശനം
സംവിധായകൻ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെ കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് കാക്കനാട് മനക്കക്കടവിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് ആറിന് എറണാകുളം സെൻട്രല്‍ ജുമാമസ്ജിദിലാണ് ഖബറടക്കം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സിദ്ദിഖിന്റെ അന്ത്യം. 63 വയസായിരുന്നു. ന്യൂമോണിയയും കരള്‍ രോഗവും ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ശനിയാഴ്ച ഹൃദയാഘാതം കൂടി അനുഭവപ്പെട്ടതോടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
സിദ്ദീഖിന്റെ വിയോഗം മലയാള സിനിമാരംഗത്തെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആദരാഞ്ജലികൾ അർപ്പിക്കാനും, അവസാനമായി ഒരു നോക്ക് കാണാനും വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ കൊച്ചിയിലേക്ക് എത്തുകയാണ്.
തനിക്ക് നഷ്ടമായത് വെറുമൊരു സുഹൃത്തിനെയല്ല, ലോകത്തെ ഏറ്റവും നല്ല സുഹൃത്തിനെയാണെന്ന് സിദ്ദിഖിന്റെ സന്തതസഹചാരിയായ നടൻ ലാല്‍ പറഞ്ഞു. പതിനാറാം വയസ്സില്‍ കൂട്ടുകാരായതാണ് ഞങ്ങള്‍. അന്നുതൊട്ട് അടുത്തറിഞ്ഞയാളാണ് സിദ്ദിഖ്. സിദ്ദിഖ്ലാല്‍ എന്നത് ഒറ്റപ്പേരാണെന്ന് ആളുകള്‍ കരുതിയ കാലമുണ്ടായിരുന്നു. അത്രത്തോളം ആഴത്തിലാണ് ആ സൗഹൃദം – ലാല്‍ പറഞ്ഞു.