ആക്ഷേപഹാസ്യത്തിലൂടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച ശ്രീനിവാസൻ വിട പറയുന്നു; കാലത്തെ കീഴടക്കിയ സിഐഡി വിജയനും, കോട്ടപ്പള്ളി പ്രഭാകരനും, കാരക്കൂട്ടിൽ ദാസനും ഇവിടെത്തന്നെയുണ്ടാകും
ശ്രീനിവാസൻ എന്ന അതുല്യ കലാകാരൻ ഇന്ന് വിട പറഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ അടുത്തകാലത്തായി സിനിമയിൽ അത്രക്ക് സജീവമല്ലാ എങ്കിലും, നിത്യജീവിതത്തിൽ, കേരള രാഷ്ട്രീയത്തിൽ ഒക്കെ നടക്കുന്ന സംഭവങ്ങളുടെ ശ്രീനിവാസനെ ഓർമ്മിക്കാത്തവർ നന്നേ കുറവായിരിക്കും.
ശ്രീനിവാസൻ എന്ന നടനും എഴുത്തുകാരനും സംവിധായകനും മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ പെട്ടെന്നൊന്നും മാഞ്ഞു പോവുന്നതല്ല. അസുഖബാധിതനായി അഭിനയത്തിൽ നിന്ന് ശ്രീനിവാസൻ വിട്ട് നിൽക്കുമ്പോഴും ഓരോ തിരഞ്ഞെടുപ്പ് കാലത്തും, എല്ലാ ശബരിമല സീസണിലും ശ്രീനിയുടെ എഴുത്തിന്റെ ശക്തി, അതിലെ എവർ ഗ്രീൻ ആക്ഷേപഹാസ്യം നമുക്ക് തെളിഞ്ഞു കാണാൻ കഴിയും.
എതിർപാർട്ടിയിലെ കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരെ ഗർഭക്കേസിൽ പെടുത്താൻ പറയുന്ന കോട്ടപ്പള്ളി പ്രഭാകരൻ എന്ന ഇടത് പാർട്ടിക്കാരനും, പണിയെടുക്കാതെ ജീവിക്കാൻ ഭക്തിയുടെ മാർഗ്ഗത്തിൽ പോകുന്ന അധ്യാപകനായ വിജയനും ഒക്കെ മലയാളികൾ ഒരിക്കലും മറക്കില്ല.
കണ്ണൂർ കൂത്തുപറമ്പിന് അടുത്ത് പാട്യം എന്ന ഗ്രാമത്തിലാണ് ശ്രീനിവാസൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി ഒരു സ്കൂൾ അധ്യാപകനായിരുന്നു. അച്ഛൻ ഒരു സജീവ കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ആയിരുന്നുവെങ്കിലും ശ്രീനിവാസനെ അതൊന്നും കാര്യമായി സ്വാധീനിച്ചിരുന്നില്ല.
മാതാവ് ലക്ഷ്മിയും രണ്ട് സഹോദരൻമാരും ഒരു സഹോദരിയും കൂടി ഉൾപ്പെടുന്ന കുടുംബത്തിൽ നിന്നാണ് ശ്രീനിവാസം സിനിമയുടെ ലോകത്തേക്ക് എത്തിയത്.
കതിരൂർ ഗവ. സ്കൂളിൽ നിന്നും മട്ടന്നൂരിലെ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ എത്തിയ അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. തുടർന്ന് 1977 ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. അവിടെ സൂപ്പർതാരം രജനീകാന്ത് ഉൾപ്പെടെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.
1976ൽ പ്രമുഖ സംവിധായകൻ പിഎ ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. 1984 ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതി തുടങ്ങിയ കരിയറിൽ പിന്നീട് ഒട്ടേറെ ഹിറ്റുകൾ ഉണ്ടായി.
വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. രണ്ട് സിനിമകളും കലാമൂല്യം കൊണ്ടും അതിലൂടെ ചര്‍ച്ച ചെയ്ത പ്രമേയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘അദ്ദേഹം ഒരിക്കല്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഞാന്‍ വേണ്ടെന്ന് വച്ച 500ലധികം സിനിമകളാണ് മലയാള സിനിമയ്ക്കുള്ള എന്റെ സംഭാവന എന്നായിരുന്നു ആ വാക്കുകള്‍. നീണ്ട 48 വര്‍ഷക്കാലമാണ് അദ്ദേഹം മലയാള സിനിമകളിൽ നിറഞ്ഞ് നിന്നത്. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും പുത്തൻ അനുഭവങ്ങളാണ് ലഭിച്ചത്.
വളരെ സീരിയസ് ആയ വരികളുള്ള ഒരു പ്രണയഗാനം നിങ്ങളെ ചിരിപ്പിക്കുന്ന എങ്കിൽ അതിൽ ശ്രീനിവാസൻ തന്നെയായിരിക്കും നായകനായി നിൽക്കുന്നത്. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിലെ പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം എന്ന ആ പാട്ട് ചിത്രീകരിക്കുമ്പോൾ നായികയായ കാർത്തിക ചിരിക്കാതിരിക്കാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. ശ്രീനിവാസൻ പെട്ടെന്ന് പുറകിലേക്ക് നടക്കുമ്പോൾ കാർത്തിക അറിയാതെ ചിരിക്കുന്നുമുണ്ട് ആ രംഗത്തിൽ.
കൊടും ഭീകരനായ കൊലയാളി പവനായി, ആയുധങ്ങളുമായി മുന്നിൽ വന്ന് നിൽക്കുമ്പോൾ. വളരെ കൂളായി ഏതാടാ ദാസാ ഈ അലവലാതി എന്ന് ചോദിക്കുന്ന നാടോടിക്കാറ്റിലെ വിജയനെ എങ്ങനെയാണ് മറക്കുക.
സിനിമാക്കാരെ തന്നെ അതിക്രൂരമായി പരിഹസിക്കുന്ന ഡോക്ടർ പത്മശ്രീ സരോജ്കുമാർ, കവല ചട്ടമ്പിമാരുടെ ഭീരുത്വം തുറന്നു കാണിക്കുന്ന ഗോളാന്തര വാർത്തകളിലെ കാരക്കൂട്ടിൽ ദാസൻ.
അതേപോലെ നൂറുകണക്കിന് സിനിമകൾ ഉള്ളപ്പോൾ ശ്രീനിവാസൻ എന്നെന്നും മലയാളി മനസ്സിൽ നിറഞ്ഞ് നിൽക്കും. ശ്രീനിവാസന് ആദരാജ്ഞലികൾ.













