റിപബ്ലിക് ദിനാഘോഷ വേളയിൽ കരുത്ത് കാട്ടാൻ ഒരുങ്ങി രാജ്യം
രാജ്യം പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെ ഓര്‍മപുതുക്കലാണ് എല്ലാ റിപ്പബ്ലിക് ദിനവും .75ാമത്തെ റിപബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇത്തവണയും വിപുലമായ ആഘോഷങ്ങളാണ് രാജ്യതലസ്ഥാനത്ത് ഒരിക്കിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന പരേഡ് രാജ്യത്തിന്റെ പ്രതിരോധരംഗത്തെ കരുത്തും സാംസ്കാരികരംഗത്തെ വൈവിധ്യവുമൊക്കെ ലോകത്തെ കാണിക്കാനുള്ള വേദിയായാണ് പരമ്പരാഗതമായി വിനിയോഗിക്കുക. രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലൊരു പരേഡിനാണ് നമ്മള് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദര്‍ശനമാണ് ഇത്തവണത്തെ ഹൈലൈറ്റ്.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ടാബ്ലോയില്‍ അവരുടെ പുതിയ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമുണ്ടാകും. രക്ഷാ കവച് എന്ന പേരില്‍ വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് ഇതില്‍ പ്രധാനം. കരയില്‍ നിന്ന് ആകാശത്തേക്ക് പ്രയോഗിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് രക്ഷാകവച്. വ്യത്യസ്ത ലക്ഷ്യങ്ങളെ ഒരേസമയം നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് രക്ഷാകവച്. ഇതിനൊപ്പം വ്യോമാക്രമങ്ങളെ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്ട്രോള് സിസ്റ്റം- നേത്ര, ഇത് ഡിആര്‍ഡിഒ വികസിപ്പിച്ചതാണ്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 155 എംഎം പീരങ്കി, ഡ്രോണ്‍ ആക്രമണങ്ങളെ കണ്ടെത്തി പ്രതിരോധിക്കാനും നിര്‍വീര്യമാക്കാനുള്ള സംവിധാനം, ഉപഗ്രഹകേന്ദ്രീകൃത നിരീക്ഷണ സംവിധാനം എന്നിവയൊക്കെ ഇത്തവണ പരേഡില്‍ പരിചയപ്പെടുത്തും
ഇതിനൊപ്പം ഡ്രോണുകള്‍ പോലെയുള്ള വേഗം കുറഞ്ഞ ലക്ഷ്യങ്ങളെ കണ്ടെത്തി പ്രതിരോധിക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റഡാര്‍ സംവിധാനമാണ് അരുധ്ര റഡാര്‍. ഇതിനൊപ്പം നാവിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഭാരംകുറഞ്ഞ ശക്തിയേറിയ ടോര്‍പ്പിഡോ, ശത്രുക്കളുടെ ആശയവിനിമയ സംവിധാനം തടസ്സപ്പെടുത്തുന്ന ധരാശക്തിയെന്ന എലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം, ലേസര്‍ അടിസ്ഥാനമാക്കിയുള്ള ഡയറക്ട് എനര്‍ജി ആയുധം തുടങ്ങിയവയും പുതിയ ആയുധങ്ങളാണ്.
ചെറിയ ദൂരത്തിനുള്ളില്‍ വ്യോമപ്രതിരോധം സാധ്യമാക്കുന്ന സംവിധാനവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കും. യുദ്ധമുഖത്ത് സുരക്ഷിതമായി ആശയവിനിമയം സാധ്യമാക്കുന്ന തദ്ദേശീയമായി വികസിപ്പിച്ച സോഫ്റ്റ്വേറുള്ള റേഡിയോ സംവിധാനം, തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹ ഫോണ്‍ സംവിധാനം, തദ്ദേശീയമായി നിര്‍മിച്ച ഉഗ്രം എന്ന അസോള്‍ട്ട് റൈഫിള്‍ തുടങ്ങിയവയും ഇത്തവണത്തെ പ്രദര്‍ശനത്തിലുണ്ട്.
ഇതുകൂടാതെ ദീര്‍ഘദൂര കപ്പല്‍വേധ ഹൈപ്പര്‍സോണിക് മിസൈല്‍, തദ്ദേശീയമായി വികസിപ്പിച്ച ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ലഘു യുദ്ധ ടാങ്കായ സെരാവര്, പ്രളയ് മിസൈല്‍, ടാങ്ക് വേധ മിസൈലായ നാഗ്, പിനാക റോക്കറ്റ് സംവിധാനം, ആകാശ് മിസൈല്‍ സംവിധാനം, പുതിയ ബ്രഹ്മോസ് മിസൈല്‍ തുടങ്ങി നിരവധി ആയുധപ്രദര്ശനങ്ങളാണ് ഇത്തവണത്തെ റിപ്പബ്ലിക് പരേഡില്‍ അണിനിരത്തുക. പ്രതിരോധ രംഗത്തെ ഇന്ത്യയുടെ സ്വയംപര്യാപ്തത എത്രത്തോളമെന്ന് വ്യക്തമാക്കുന്നതായിരിക്കും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ്.
റിപ്പബ്ലിക് ദിന പരേഡില്‍ ഡിആർഡിഒ വികസിപ്പിച്ച ‘പ്രലേ മിസൈല്‍’ ആണ് മറ്റൊരു പ്രധാന ആകർഷനാം .ആണവായുധങ്ങള്‍ വഹിക്കാവുന്നതും കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്നതുമായ പ്രലേ മിസൈല്‍ ആദ്യമായാണ് പരേഡിന്റെ ഭാഗമാകുന്നത്. 350-500 കിലേമീറ്റർ ഷോർട്ട് റേഞ്ചുള്ള മിസൈലാണിത്.
2023-ലാണ് പ്രലേ സൈന്യത്തിന്റെ ഭാഗമായത്. പ്രതിരോധരംഗത്ത് ഇന്ത്യയുടെ തദ്ദേശീയ കുതിപ്പേറുന്നതിന്റെ മികച്ച ഉദാഹരണമായ പ്രലേ മിസൈലിനു 500 മുതല്‍ 1,000 കിലോമീറ്റർ പേലോഡ് ശേഷിയുണ്ട്.
ഇന്ത്യയുടെ സൈനിക ശക്തി പ്രകടമാക്കുന്ന ബ്രഹ്മോസ് മിസൈല്‍, മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകള്‍, ടി-90 ടാങ്കുകള്‍, നാഗ് മിസൈലുകള്‍ എന്നിവയും റിപ്പബ്ലിക് ദിന പരേഡില്‍ പ്രദർശിപ്പിക്കും.