ചാരക്കണ്ണുള്ള സുന്ദരിയെ അച്ഛൻ നാട്ടിലേക്ക് അയച്ചു; കുംഭമേളയിൽ സ്വാമിമാർക്കിടയിൽ വൈറലായ സുന്ദരി ”മൊണാലിസ”
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആത്മീയ പരിപാടികളിൽ ഒന്നായ മഹാകുംഭമേള യുപിയിലെ പ്രയാഗ്രാജിൽ പുരോഗമിക്കുകയാണ്. എവിടെ നോക്കിയാലും കാവി വസ്ത്രം ധരിച്ചെത്തിയ സന്യാസിമാരും ബാബമാരും, അൽപം വസ്ത്രം ധരിച്ചവരും, ധരിക്കാത്തവരുമായ സകലമാന സന്യാസികളെയും കാണാം. വിശുദ്ധമെന്ന് പറയപ്പെടുന്ന ത്രിവേണി സംഗമത്തിൽ മുങ്ങി നിവർന്ന് ആത്മീയ ശുദ്ധീകരണം തേടുകയാണ് ഇവരെല്ലാം.
ഇങ്ങനെ വരുന്ന സന്യാസമാരിൽ വിചിത്രമായ വേഷവിധാനങ്ങളും, രൂപവും, ജീവിത രീതിയും ഉള്ളവർ ഒക്കെയുണ്ട്. അവരെ കുറിച്ചും നിത്യേന വാർത്തകൾ വൈറൽ ആയികൊണ്ടിരിക്കുന്നു.
എന്നാൽ ഈ ഭക്തിയുടെ ഉത്സവമായ മഹാ കുംഭമേളയ്ക്കിടെ പ്രയാഗ് രാജിൽ നിന്ന് ഒരു അപ്രതീക്ഷിത മുഖം ഇന്റർനെറ്റ് വഴി ആയിരങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റി. ഈ മുഖം ഒരു മതനേതാവിന്റെയോ ആത്മീയ ആചാര്യന്റെയോ അല്ലെങ്കിൽ ഒരു പ്രമുഖ വ്യക്തിയുടേതോ അല്ല. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ഒരു മാല വിൽപ്പനക്കാരിയുടേതാണ് ഇപ്പോൾ വൈറലായ ചിത്രം. ഇവരുടെ അതിശയിപ്പിക്കുന്ന സൗന്ദര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രാദ്ധേയമായത്.
ഇപ്പോളും ആ പെൺകുട്ടിയുടെ പേര് അജ്ഞാതമായി തുടരുന്നുവെങ്കിലും, അവരുടെ ഇരുണ്ട നിറവും ആകർഷകമായ കണ്ണുകളും മൂർച്ചയുള്ള മുഖഭാവങ്ങളും അവരെ സോഷ്യൽമീഡയയിൽ താരമാക്കി മാറ്റിയിട്ടുണ്ട്. വിശ്വപ്രസിദ്ധമായ മൊണാലിസയുമായി അവരെ താരതമ്യം ചെയ്യുകയാണ് പലരും. അംഗമായൊരു വിളിപ്പേരും ആ കുട്ടിക്ക് കിട്ടിക്കഴിഞ്ഞു.
പരമ്പരാഗത വസ്ത്രങ്ങൾ, മുത്ത് മാലകൾ, വളരെ കുറഞ്ഞ മേക്കപ്പ്, നീണ്ട മുടി ഇതൊക്കെയാണ് പുതിയ മൊണാലിസയുടെ സൗന്ദര്യം വർധിപ്പിക്കുന്നത്. പെൺകുട്ടിക്ക് ചുറ്റും ആളുകൾ എപ്പോളും കൂടി നിൽക്കുകയാണ്. ഇങ്ങനെ ആളുകൾ കൂടി നില്ക്കുന്നത്, കച്ചവടം തടസ്സപ്പെടുത്തുന്നതായും, ആ കുട്ടി അസ്വസ്ഥയാകുന്നു എന്നും പറഞ്ഞിരുന്നു.
നീലക്കണ്ണുകൾ ഉള്ള പെൺകുട്ടി എന്നും, മനോഹരമായ ചാരക്കണ്ണുകൾ ഉള്ള പെൺകുട്ടി എന്നുമൊക്കെയാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയിൽ പ്രചരിച്ച വീഡിയോ വൈറൽ ആയതോടെ മൊണാലിസയ്ക്ക് എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയായി. നിരന്തരം വീഡിയോയിൽ വരുന്നത് കൊണ്ട് കുടുംബത്തിനും ബുദ്ധിമുട്ടായി മാറി.
ജപമാലകളുടെയും മുത്തുമാലകളുടെയും വില്പനയ്ക്കായി മധ്യപ്രദേശിൽ നിന്നും പ്രയാഗ് രാജിലേക്ക് എത്തിയതായിരുന്നു ഈ പെൺകുട്ടിയും അവരുടെ കുടുംബവും. എന്നാൽ വിൽപ്പനയ്ക്ക് വച്ച മാലകളെക്കാൾ കൂടുതൽ പെൺകുട്ടിയുടെ സൗന്ദര്യം ആളുകളെ ആകർഷിക്കാൻ തുടങ്ങിയതോടെ കച്ചവടം ഇല്ലാതായി.
പലരും ഇ പെൺകുട്ടിയോട്, വിവാഹം കഴിക്കുന്നത് ആരെയാവും, വീട്ടുകാർ പറയുന്ന ആളെ തന്നെ കെട്ടുമോ എന്നെല്ലാം ചോദിക്കാനും തുടങ്ങി. അതോടെ സംഗതി അത്രക്ക് പന്തിയല്ലെന്ന് കണ്ട്, മൊണാലിസയുടെ അച്ഛൻ ആ കുട്ടിയെ നാട്ടിലേക്ക് തിരിച്ചയച്ചു.
മൊണാലിസ മാത്രമല്ല, അവരുടെ ബന്ധുക്കളും നാട്ടുകാരുമായി മറ്റ് പെൺകുട്ടികളും കുംഭമേളക്ക് എത്തിയിട്ടുണ്ട്. പരമ്പരാഗതമായി മാലകൾ വിൽക്കുന്നവരാണ് ഇവർ. ഇവരെല്ലാം അതീവ സുന്ദരികൾ ആണെന്നതാണ് സത്യം. പലരുടെയും കണ്ണുകൾക്കും മൊണാലിസയുടേത് പോലെ ചാരനിറമാണ്. ഇപ്പോൾ ആളുകൾ ഇവരുടെ അടുത്തും തിങ്ങിക്കൂടുകയാണ്. എപ്പോളും സന്യാസിമാരുടെയും, യോഗിമാരുടെയും വേലകളും കോപ്രായങ്ങളും കണ്ടുമടുത്തവർക്ക് ഇത്തവണത്തെ കുംഭമേള ഇതുപോലുള്ള കാഴ്ചകളും സമ്മാനിക്കുന്നുണ്ട്.
ഇപ്പോൾ ”മൊണാലിസ കുംഭമേള” എന്ന പേരിൽ നിരവധി സോഷ്യൽമീഡിയ അകൗണ്ടുകളും രംഗത്ത് വന്നിട്ടുണ്ട്. ഈ പെൺകുട്ടിയുടെയും, കൂട്ടുകാരികളുടെയും ചിത്രങ്ങളും വീഡിയോകളും ആണ് അതിലൂടെ പ്രചരിക്കുന്നത്.