അസുഖം മാറിയെത്തുന്ന മമ്മൂട്ടിക്ക് നേരേ വർഗീയവിഷം തുപ്പുന്ന വക്കീൽ; മമ്മൂട്ടി കള്ളപ്പണത്തിൻറെ ആളെന്നും ഇ.ഡി അന്വേഷണം വേണമെന്നും കമന്റുകൾ

ആരാധകരുടേയും സിനിമാ ലോകത്തിന്റേയും എന്ന് മാത്രമല്ല, എല്ലാ മലയാളികളുടെയും പ്രാർത്ഥനകൾ ഏറ്റുവാങ്ങി മമ്മൂട്ടി പരിപൂർണ്ണ ആരോഗ്യവാനായി തിരികയെത്തുന്നു എന്ന വാർത്തയാണ് ഇന്നലെ നമ്മൾ അറിഞ്ഞത്. മമ്മൂട്ടിയുടെ അടുപ്പക്കാരായ ആന്റോ ജോസഫും ജോർജുമാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മാസങ്ങളായി സിനിമയിൽ നിന്നും മാറി നിന്നിരുന്ന മമ്മൂട്ടിയുടെ തിരിച്ചുവരാനിൽ എല്ലാ സിനിമ പ്രേമികളും സന്തോഷം പങ്ക് വെച്ചിരിന്നു.
മോഹൻലാൽ, പൃഥ്വിരാജ്, ജയറാം, ആസിഫലി, ടോവിനോ എന്നിവരടക്കമുള്ളവർ മമ്മൂട്ടിയെ സ്വാഗതം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്ക് വെച്ചിരുന്നു. രാഷ്ട്രീയത്തിലെ പ്രമുഖരും ഇങ്ങനെ തങ്ങളുടെ സന്തോഷം പങ്ക് വെച്ചിരുന്നു.
മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ തന്റെ അയൽവാസിക്ക് വേണ്ടി ഒരു ഹൃദയ ശാസ്ത്രക്രിയയുടെ കാര്യത്തിന് മമ്മൂട്ടിയെ വിളിച്ചതും, അദ്ദേഹം ആ പ്രശ്നം പരിഹരിച്ചു കൊടുത്തതിന്റെയും വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ബാബു എന്ന ചെറുപ്പക്കാരന് ഹൃദയസംബന്ധമായ സര്‍ജറി അത്യാവശ്യമായി വന്നു. ലക്ഷങ്ങള്‍ ചെലവുള്ള സര്‍ജറി എങ്ങിനെ നടത്തണം എന്നറിയാതെ വാടകവീട്ടില്‍ കഴിയുന്ന ബാബുവും കുടുംബവും സങ്കടത്തിലായി. അപ്പോളാണ് മമ്മൂക്കയുടെ ‘ഹൃദയം’ എന്ന ചികിത്സാ പദ്ധതിയിലേക്ക് ശ്രമിച്ചാലോ എന്ന ചിന്ത വന്നത്. ഒരു വോയിസ് മെസ്സേജിലൂടെ ശ്രീരാമ കൃഷ്ണൻ അദ്ദേഹത്തോട് ഹൃദയം പദ്ധതി ഇപ്പോഴും നിലവില്‍ ഉണ്ടോ ? ഒരു കുട്ടി ബുദ്ധിമുട്ടിക്കിടക്കുന്നുണ്ട്. ഉണ്ടെങ്കില്‍ ആരെയാണ് കോണ്ടാക്ട് ചെയ്യേണ്ടത്? എന്ന് ചോദിച്ചു. പത്ത് മിനിറ്റിനുള്ളില്‍ മമ്മൂട്ടിയുടെ മറുപടി വന്നു. “ജോര്‍ജ്ജിനെ കോണ്ടാക്ട് ചെയു” എന്ന്.
അങ്ങനെ സർജറി പെട്ടെന്ന് നടന്നു. ബാബു സുഖമായിരിക്കുന്നു.
മമ്മൂട്ടിയുടെ അങ്ങയുടെ അവസ്ഥ മനസ്സിലാക്കാതെ, ആ സമയത്ത് ഇങ്ങിനെ ഒരു കാര്യത്തിന് സമീപിച്ചതില്‍ പ്രിയപ്പെട്ട മമ്മൂക്ക മാപ്പ് എന്ന് പറഞ്ഞാണ് ശിവരാമകൃഷ്ണൻ ആ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എന്നാൽ നമ്മുടെ ഈ കേരളത്തിൽ വെറുപ്പ് ഉൽപ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഒരാൾ നടത്തുന്നുണ്ട്. അവിടെ മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ മതത്തെയും പരിഹസിച്ച് കൊണ്ടാണ് പോസ്റ്റുകൾ വരുന്നത്.
ആൾ മറ്റാരുമല്ല, വർഗീയത പറയാൻ വേണ്ടി മാത്രം ഫേസ്ബുക്കിൽ കയറുന്ന ശ്രീമാൻ കൃഷ്ണരാജൻ വക്കീലാണ് വിദ്വേഷം വമിക്കുന്ന പോസ്റ്റുകൾ ഇട്ടത്. ആദ്യത്തെ പോസ്റ്റിൽ പറയുന്നത് – എല്ലാം നമ്മ സെറ്റപ്പ്. പാർട്ടിയുടെ ലണ്ടൻ ജില്ലാ സെക്രട്ടറി സഖാവ് ലണ്ടൻ രാജേഷിന്റെ സ്വന്തം സംവിധായക രത്തിയുടെ… സ്വന്തം ഹിക്ക…തിരിച്ചു വന്നു. ഇനി നമ്മളൊന്നും നോക്കാനില്ല. കയ്യടിക്കെടാ എന്നാണ്.
വീണ്ടും ഇപ്പോൾ മമ്മൂട്ടിയെ തേടി ഇഡി വരുന്നു എന്ന രീതിയിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഹിക്കയുടെ ഒരു സിനിമയിൽ മുടക്കിയ കാശ് വന്ന വഴിയിലൂടെ ഒരു “പുഴു” വിനെപ്പോലെ “ഇ ഡി” നുഴഞ്ഞു കയറിപ്പോയാൽ കാര്യങ്ങൾക്ക് ഒരു വ്യക്തത ഉണ്ടാവും എന്നാണ് ഈ വക്കീൽ പറയുന്നത്.
ഈ പോസ്റ്റുകൾ നോക്കിയാൽ ഇദ്ദേഹത്തിന്റെ അനുയായികൾ ഇതിലും കടുത്ത വിദ്വേഷ കമന്റുകൾ ഇട്ടതും കാണാം. തീവ്രവാദ സ്വഭാവമുള്ള ചിലരുമായി മമ്മൂട്ടിക്കുള്ള കൂട്ടുകെട്ടിനെ പറ്റിയും മട്ടാഞ്ചേരി മാഫിയയുടെ തലവൻ മമ്മൂട്ടി ആണെന്നൊക്കെയുമാണ് കമന്റുകൾ.
വിഷയം ഏതുമായിക്കോട്ടെ, പച്ചക്ക് മുസ്ലിം വിദ്വേഷം പറയുക, അന്യമതക്കാരെ അവഹേളിക്കുക. ഇത് മാത്രമാണ് ഈ പ്രത്യേക ലോകത്ത് നടക്കുന്നത്. മറ്റുള്ളവർ എല്ലാം ഇക്കൂട്ടർക്ക് ജിഹാദികളാണ്. ഇവർക്ക് മോഹൻലാലും സുരേഷ്ഗോപിയും സിനിമയിൽ നിന്നും ഉണ്ടാക്കുന്നത് നല്ല പണവും, മമ്മൂട്ടി ഉണ്ടാക്കുന്നത് കള്ളപ്പണവുമാണ്.