‘രാജ്യത്ത് കര്‍ശന ബലാത്സംഗ വിരുദ്ധ നിയമം വേണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി

ബലാത്സംഗക്കേസുകളില്‍ കർശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.
കൊല്‍ക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മമതയുടെ നീക്കം. രാജ്യത്ത് കർശന ബലാത്സംഗ വിരുദ്ധ നിയമം വേണമെന്ന് മമത കത്തില്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ദിനേന 90 ബലാത്സംഗക്കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. അതിനാല്‍, ഇത്തരത്തിലുള്ള ക്രൂരകുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുന്നവർക്ക് ശക്തവും മാതൃകാപരവുമായ ശിക്ഷ നല്കാൻ കർശനമായ നിയമനിർമാണം ആവശ്യമാണ്. ബലാത്സംഗ കേസുകളില്‍ പെട്ടെന്നുള്ള നീതിക്കായി അതിവേഗ വിചാരണയ്ക്ക് പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതികള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കേണ്ടതാണ്. കൂടാതെ വിചാരണ 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു.