ബീഹാറില്‍ ഒന്‍പത് ദിവസത്തിനിടെ പൊളിഞ്ഞത് അഞ്ചാമത്തെ പാലം
കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ സംസ്ഥാനത്ത് അഞ്ചാമത്തെ പാലവും തകര്‍ന്നു. ബീഹാറിലെ മധുബാനി മേഖലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലമാണ് വെള്ളിയാഴ്ച തകര്‍ന്നത്.
75 മീറ്റര്‍ നീളമുള്ള പാലം മധുബാനി ജില്ലയിലെ ഭേജ പോലീസ് സ്റ്റേഷനിലെ മധേപൂര്‍ ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലം 2021 മുതല്‍ നിര്‍മ്മാണത്തിലാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ 25 മീറ്റര്‍ നീളമുള്ള താങ്ങു തൂണ് താഴെയുള്ള നദിയില്‍ പതിച്ചു. ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പാലം തകര്‍ന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
പൊളിഞ്ഞു വീണ പാലത്തിന് മേല്‍ കൂറ്റന്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞു വെച്ചതായി വീഡിയോയില്‍ കാണാം. വ്യാഴാഴ്ച കിഷന്‍ഗഞ്ച് ജില്ലയില്‍ ഒരു പാലം തകര്‍ന്നു വീണിരുന്നു. ഇതിനു പുറകെ ജൂണ്‍ 23ന് കിഴക്കന്‍ ചമ്ബാരന്‍ ജില്ലയില്‍ നിര്‍മാണത്തിലിരുന്ന ചെറിയ പാലവും ജൂണ്‍ 22 ന് സിവാനില്‍ ഗണ്ഡക് കനാലിന് മുകളില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നു. ജൂണ്‍ 19 ന് അരാരിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു നിലം പതിച്ചിരുന്നു.