ജീവിത വിജയം നിർണയിക്കുന്നതിൽ കളിസ്ഥലങ്ങൾക്കും പങ്കുണ്ടെന്ന് ടിനു യോഹന്നാൻ
കൊച്ചി: ജീവിതവിജയം നിർണ്ണയിക്കുന്നത് ക്ലാസ് മുറികളിലെ പാഠങ്ങൾ മാത്രമല്ലെന്നും, ഒരു വ്യക്തിയുടെ സ്വഭാവത്തെയും ലക്ഷ്യബോധത്തെയും രൂപപ്പെടുത്തുന്നതിൽ കളിസ്ഥലങ്ങൾ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ‘ഫ്രം പ്ലേയ്ഗ്രൗണ്ട് ടു പർപ്പസ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിസ്ഥലം എന്നത് വെറുമൊരു വിനോദോപാധിയല്ല. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന പരിശീലനക്കളരിയാണ്.
താൻ ഒരു കായികതാരമായി മാറിയത് ഉള്ളിലെ അമിതമായ ആഗ്രഹവും താല്പര്യവും കൊണ്ടാണെന്നും, സ്പോർട്സ് തന്റെ ഉള്ളിലുണ്ടെന്ന് നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കായികതാരമായ തന്റെ പിതാവിൽ നിന്നാണ് സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആദ്യ പ്രചോദനം ലഭിച്ചത്. ഇന്ത്യൻ ജേഴ്സി ധരിക്കുക എന്നത് ഒരു സ്വപ്നം മാത്രമായിരുന്നില്ല, മറിച്ച് നിരന്തരമായ പരിശീലനത്തിലൂടെയും പ്രയത്നത്തിലൂടെയും നേടിയെടുത്ത വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരിയറിലെ ഉയർച്ചതാഴ്ചകളെക്കുറിച്ച് സംസാരിക്കവെ, 2007-ൽ നേരിട്ട തകർച്ച തന്റെ മാനസിക സമ്മർദ്ദം വർധിപ്പിക്കുകയും അത് ശാരീരികക്ഷമതയെ ബാധിക്കുകയും ചെയ്ത കാര്യം അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ മൈതാനം പഠിപ്പിച്ച പോരാട്ടവീര്യവും മാനസിക പ്രതിരോധശേഷിയും കൈവിടാതെ ലക്ഷ്യങ്ങൾക്കായി പരിശ്രമിച്ചതുകൊണ്ടാണ് 2009-ൽ ആർ.സി.ബി ടീമിലൂടെ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചത്. ഫാസ്റ്റ് ബൗളർ എന്ന നിലയിൽ താൻ നേരിട്ട മാനസിക പ്രതിസന്ധികൾ പുതിയ തലമുറയ്ക്ക് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. യുവ പ്രൊഫഷണലുകൾ ജീവിതത്തിൽ ഒഴികഴിവുകളില്ലാതെ അച്ചടക്കം വളർത്തിയെടുക്കണം. വിദഗ്ധ പരിശീലകരുടെയും ഫിസിഷ്യൻമാരുടെയും സഹായം തേടിയാൽ ഏതൊരു സ്വപ്നവും അപ്രാപ്യമല്ലെന്നും ടിനു യോഹന്നാൻ പറഞ്ഞു.












