ഇന്ത്യ സഖ്യത്തിന് ആദരാഞ്ജലിയോ?കെജ്രിവാളിന്റെ നിലപാട് പ്രഖ്യാപനം സൂചിപ്പിക്കുന്നതെന്ത്
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡല്‍ഹിയില്‍ ഈ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം ഉണ്ടാകില്ല എന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് പറഞ്ഞുകഴിഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ തീയതി പോലും പ്രഖ്യാപിച്ചിട്ടില്ല അതിനു മുന്നെയാണ് കെജ്രിവാളിന്റെ നിലപാട് പ്രഖ്യാപനം.ഒരു സഖ്യത്തിന്റെ ഭാഗമായിട്ടും പാര്‍ലമെന്റില്‍ ഒരു കാര്യത്തിലും ഐക്യം ഇല്ലാത്ത ഇന്‍ഡ്യ മുന്നണിയിലെ നേതാക്കളുടെ ഈ മനോഭാവം എന്ത ഭാവിയാണ് മുന്നണിക്ക് നൽകുന്നത്.
ബിജെപിക്ക് എതിരെ ഒന്നായ ഇന്‍ഡ്യ സഖ്യത്തില്‍ ഉണ്ടായിട്ടുള്ള ഭിന്നത നാട്ടിൽ പാട്ടാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അത് അവർ തന്നെ അത് പരസ്യമാക്കിയതുമാണ് . ഇത് ഏറ്റവും കൂടുതല്‍ പ്രകടമായത് ഡല്‍ഹി, പഞ്ചാബ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായിരുന്നു. കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജന തര്‍ക്കങ്ങളായിരുന്നു എപ്പോഴും എല്ലായിടത്തും പ്രശ്നമായത്.
ഇന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ച തടയുക എന്ന പൊതുലക്ഷ്യമായിരുന്നു ഇന്‍ഡ്യ സഖ്യകക്ഷികളെ ഒരുമിപ്പിച്ച ഘടകം. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ലക്ഷ്യമെന്ത് മറന്ന രീതിയിലേക്കാണ് സഖ്യത്തിന്റെ പോക്ക്. മറുഭാഗത്താകട്ടെ ബിജെപി തങ്ങളുടെ സാന്നിധ്യം ശക്തമായി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഒരു ഘട്ടത്തില്‍ സഖ്യം വേണ്ട എന്ന നിലപാടിലേക്കെത്തിയ സഖ്യകക്ഷികള്‍ പക്ഷേ, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സമവായ ഫോര്മുലയിലുടെ ഒരു വിധത്തില്‍ ഒരുമിക്കുകയായിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുന്‍പേ നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍, ഇന്‍ഡ്യ സഖ്യത്തിലെ പ്രബലരായ ആംആദ്മിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടായിരുന്നില്ല. പൊതു തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് കിട്ടിയ അംഗീകാരത്തെ ഒറ്റയ്ക്ക് മുതലെടുക്കാമെന്ന അതിമോഹമാണ് കോൺഗ്രസ്സിനും ആം ആത്മി പാർട്ടിക്കും ഉണ്ടായത്. പക്ഷേ, കാത്തിരുന്നത് വലിയ ഒരു തോല്‍വിയായിരുന്നു. അവിടെ തുടങ്ങിയതാണ് സഖ്യത്തിലെ പൊട്ടിത്തെറികൾ.
അസ്വാരസ്യങ്ങൾ നിരവധി ഉണ്ടായെങ്കിലും നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്തതോടെ സഖ്യം പിന്നെയും ഒന്നിക്കുന്ന മനോഹരകാഴ്ചകൾക്കാണ് നമ്മൾ സാക്ഷ്യം വഹിച്ചത്.പക്ഷേ ഫലം വന്നപ്പോള്‍, കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം സഖ്യത്തിലെ കല്ലുകടിയുടെ ആഴം കൂട്ടി. കോണ്‍ഗ്രസ് ഇല്ലെങ്കിലും തങ്ങള്‍ സുഖമായി ജയിക്കുമായിരുന്നു എന്ന ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന കാശ്മീരില്‍ ഇന്‍ഡ്യ സഖ്യത്തിന് ആദരാഞ്ജലി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായി.
മഹാരാഷ്ട്രയിലേയും ജാര്‍ഖണ്ഡിലേയും സ്ഥിതിയും മാറ്റമില്ലാതെ തുടർന്നു. പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് തർക്കത്തിൽ സീറ്റ് വിഭജന ചര്‍ച്ചകള്‍ നാളെ നാളെ നീളെ നീളെ എന്നായി . നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം പോലും തര്‍ക്കങ്ങള്‍ അവസാനിച്ചില്ല. അവസാനം അവിടെയും മത്സരിച്ചു തോറ്റപ്പോള്‍, പിന്നെയും നാണംകെട്ട തർക്കം തുടർന്നു.
പ്രാദേശിക തലത്തിലെ തോല്‍വികള്‍ ഇന്‍ഡ്യ സഖ്യത്തില്‍ വലിയ ഭിന്നതതയാണ് ഉണ്ടാക്കിയത് . പ്രാഥമികമായ ഒരു ചര്‍ച്ച പോലും നടത്താതെ, ഡല്‍ഹിയില്‍ സഖ്യം ഇല്ല എന്ന് തറപ്പിച്ചു പറഞ്ഞ കെജ്രിവാളിന്റെ തീരുമാനം ആ വിള്ളലിന്റെ ആഴം എത്രയെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ്. മുമ്പ് കൊണ്ഗ്രെസ്സ് നടത്തിയ അഭിപ്രായപ്രകടനം ഭിന്നത എത്രയെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്.
എല്ലാത്തിനു ഉപരിയായി പാര്‍ലമെന്റില്‍ പോലും ഇന്‍ഡ്യ മുന്നണിക്ക് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആകുന്നില്ല എന്നതാണ് ഇപ്പോഴത്തെ തലവേദന. അദാനി വിഷയത്തിലെ അഭിപ്രായ വ്യത്യാസമാണ് ഇപ്പോൾ സ്ഥിതി വഷളാക്കുന്നത് .അദാനി വിഷയം ഉയര്‍ത്തിപ്പിടിച്ച് സഭ സ്തംഭിപ്പിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെയാണ് മറ്റു സഖ്യകക്ഷികള്‍ രംഗത്തുവന്നത്. ഇന്‍ഡ്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാതെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രതിഷേധം അറിയിച്ചതെങ്കില്‍ ഇടതു പാര്‍ട്ടികളും എന്‍സിപി ശരത് പവാര്‍ വിഭാഗവും, കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളോട് നേരിട്ട് അതൃപ്തി അറിയിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ ആദ്യം പാര്‍ലമെന്റില്‍ അവതരിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ചത് വലിയ കോലാഹലങ്ങളിലേക്ക് ഇന്ത്യ സഖ്യത്തെ എത്തിക്കുകയാണ് .
ലോക്സഭാ തിരഞ്ഞെടുപ്പ് പോലുള്ള, തിരഞ്ഞെടുപ്പുകളില്‍ മാത്രമായിരിക്കും സഖ്യത്തിന്റെ ഭാവിയെന്ന് പല രാഷ്ട്രീയ നിരീക്ഷകരും ആദ്യമേ വിലയിരുത്തിയാണ്. തര്‍ക്കങ്ങളും പിടിവാശികളും വിവാദപ്രതിവാദങ്ങളും തകർത്താടുമ്പോൾ അടുത്ത പൊതുതിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇന്‍ഡ്യ സഖ്യം ബാക്കിയുണ്ടാകുമോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്.