ദിവസം 80,000 പേര് വരെ: മകരവിളക്ക് കാലത്തെ വെര്‍ച്വല്‍ ക്യൂ നിറഞ്ഞു: ഇനി സ്പോട്ട് ബുക്കിങ് മാത്രം
മകരവിളക്കു കാലത്തേക്കുള്ള ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. ഡിസംബര്‍ 31 മുതല്‍ ജനുവരി 15 വരെയുള്ള ബുക്കിങ്ങാണ് പൂര്‍ത്തിയായത്.
80,000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. 15 വരെയുള്ള ബുക്കിങ് പൂര്‍ത്തിയായതായി ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒ.ജി.ബിജു അറിയിച്ചു. പ്രതിദിനം പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങും നടത്താം.
മണ്ഡലകാല പൂജകള്‍ക്ക് ശേഷം അടച്ച ശബരിമല 30-ന് വൈകീട്ട് അഞ്ചിനാണ് തുറക്കുക. അതിനാല്‍ അതേ ദിവസത്തെ വെര്‍ച്വല്‍ക്യൂ ബുക്കിങ് 26,000 എന്ന് നിജപ്പെടുത്തിയിരുന്നു. ഇത് പൂര്‍ത്തിയായി. കൂടാതെ 10000 സ്പോട്ട് ബുക്കിങ്ങും ഉണ്ടായിരിക്കും. തിരക്ക് വര്‍ധിക്കുമെന്ന് കരുതുന്ന ജനുവരി 14, 15 തീയതികളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 50,000 എന്നും നിജപ്പെടുത്തി. അന്നും 10,000 പേര്‍ക്ക് സ്പോട്ട് ബുക്കിങ് നടത്താം.
ഡിസംബര്‍ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകള്‍ ജനുവരി 13 ന് വൈകിട്ട് നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്.