യുവാക്കൾക്ക് സാമൂഹ്യ പുരോഗതിയിൽ സജീവമായി പങ്കുചേരാൻ സാധിക്കണം – ദിയ പുളിക്കക്കണ്ടം
കൊച്ചി: യുവാക്കൾക്ക് ക്രിയാത്മകമായി ചിന്തിക്കാനും നീതിക്കായി ശബ്ദമുയർത്താനും സാമൂഹ്യ പുരോഗതിയിൽ സജീവമായി പങ്കുചേരാനും സാധിക്കണമെന്ന് പാലാ നഗരസഭാ അധ്യക്ഷ ദിയ പുളിക്കക്കണ്ടം പറഞ്ഞു. ജയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ൽ ‘സ്വതന്ത്ര തന്തിരം’ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയം എന്നത് അധികാരം പിടിച്ചെടുക്കലിനോ പദവികൾക്കോ വേണ്ടി ആകരുത്, മറിച്ച് സേവനം, ഉത്തരവാദിത്തം, നല്ല മാറ്റങ്ങൾ എന്നിവയ്ക്കുള്ളതാകണമെന്നും ദിയ പറഞ്ഞു. നേതൃത്വത്തിന് സത്യസന്ധത, അർപ്പണബോധം, സുതാര്യത, ജനങ്ങളുമായുള്ള അടുത്ത ബന്ധം എന്നിവ ആവശ്യമാണ്. അർത്ഥവത്തായ മാറ്റമുണ്ടാകുന്നത് പ്രശസ്തിയിൽ നിന്നോ അധികാരത്തിൽ നിന്നോ അല്ല, മറിച്ച് നിരന്തരമായ പരിശ്രമം, മൂല്യാധിഷ്ഠിത തീരുമാനങ്ങൾ, ജനകേന്ദ്രീകൃതമായ സമീപനം എന്നിവയിലൂടെയാണ്. യുവാക്കളുടെ ശാക്തീകരണത്തിനും നൈപുണ്യ വികസനത്തിനും ശ്രദ്ധനൽകുന്ന മാറ്റങ്ങൾ രാജ്യത്ത് അനിവാര്യമാണ്.
കഴിവുകളുടെയും മനുഷ്യവിഭവശേഷിയുടെയും കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ സാധ്യതകൾ സംബന്ധിച്ചും ദിയ സൂചിപ്പിച്ചു. പാലായിൽ ആവശ്യം സന്തുലിതമായ വികസനമാണെന്നും കേരളത്തിന് ടെക്നോളജിക്കൽ അഡ്വാൻസ്മെന്റ് ആവശ്യമാണെന്നും അവർ കൂട്ടിചേർത്തു.
പാലായിലെ വിജയം കാലത്തിന്റെ കാവ്യനീതിയാണെന്ന് ചർച്ചയിൽ പങ്കെടുത്ത പാലാ നഗരസഭ കൗൺസിലർ ബിജു പുളിക്കണ്ടം പറഞ്ഞു. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വർഗീയമായ ചർച്ചകൾ സജീവമാകുന്നുണ്ട്. എല്ലാകാലത്തും എല്ലാ സമുദായിക സംഘനകളും രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇത്തരം സംഘടനകൾ രാഷ്ട്രീയ പാർട്ടികളുടെ പ്രത്യയശാസ്ത്രത്തിന് മുകളിൽ പോകാതെ നോക്കേണ്ടത് അവരുടെ കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള കോൺഗ്രസ് രൂപീകൃതമായതിനു ശേഷം അവരുടെ വ്യക്തമായ ആധിപത്യമില്ലാത്ത ഒരു ഭരണ സമിതി പോലും പാലായിൽ ഉണ്ടായിട്ടില്ലെന്നും ആ ചരിത്രമാണ് തങ്ങൾ തിരുത്തിയതെന്നും നഗരസഭാ കൗൺസിലർ ബിനു പുളിക്കക്കണ്ടം പറഞ്ഞു. ജോസ് കെ മാണിക്ക് പാലായിൽ യാതൊരു സ്വാധ്വീനവുമില്ല, കെ എം മാണിയുടെ ക്വാളിറ്റി ഉൾക്കൊള്ളാൻ സാധിക്കാത്തയാളാണ് ജോസ് കെ മാണി. റോഷി അഗസ്റ്റിനെയാണ് കെ എം മാണി പിൻഗാമിയായി കണ്ടിരുന്നത്, പാലായിൽ ഞങ്ങൾ ജനങ്ങൾക്ക് നൽകിയ സ്നേഹമാണ് അവർ തിരികെ നൽകിയതെന്നും അദ്ദേഹം കൂട്ടിചേർത്തു.













