പാലക്കാട് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

മലമ്പുഴ കൊട്ടേക്കാട്ടില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മരുതറോഡ് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കൊട്ടേക്കാട് കുന്നങ്കോട് സ്വദേശി ഷാജഹാന് (40) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.30നാണ് സംഭവം. വീടിനടുത്തുള്ള കടയില്‍ സുഹൃത്തുമൊത്ത് സാധനം വാങ്ങുന്നതിനിടെ അക്രമികള്‍ ഷാജഹാനെ വെട്ടിവീഴ്ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. കാലിനും തലയ്ക്കുമാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കേസില്‍ എട്ടു പ്രതികളാണുള്ളതെന്ന് പോലീസ് അറിയിച്ചു. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. അതേസമയം പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയക്കൊലയ്ക്ക് തെളിവില്ലെന്നാണ് പോലീസ് പറയുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പോലീസ് പറയുന്നു. കൃത്യത്തില്‍ പങ്കെടുത്ത എട്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്.
ഷാജഹാന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10 മണിക്ക് പോസ്റ്റ്മോര്‍ട്ടം നടക്കും. ഇതിനു ശേഷം മൃതദേഹം വിലാപയാത്രയായി കൊട്ടേക്കാട്ട് എത്തിക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഭവത്തില്‍ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
Content Highlights – CPM Local Leader stabbed to death