കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ഒളിപ്പിച്ച നിലയില്‍; ഒപ്പം താമസിച്ചയാള്ക്കായി തെരച്ചില്‍
കാക്കനാട് യുവാവിന്റെ മൃതദേഹം ഫ്ളാറ്റിന്റെ മാലിന്യക്കുഴലുകള്‍ പോകുന്ന ഡക്ടില്‍ ഒളിപ്പിച്ച നിലയില്‍. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന് സജീവ് കൃഷ്ണന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറയിലുള്ള ഓക്സോണിയ ഫ്ളാറ്റിലാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനായിരുന്ന സജീവ് ഉള്‍പ്പെടെ അഞ്ചു പേരാണ് ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. സംഭവത്തിനു ശേഷം ഇവരില്‍ ഒരാളായ പയ്യോളി സ്വദേശി അര്‍ഷാദിനെ കാണാതായിട്ടുണ്ട്.
മറ്റു മൂന്നു പേര് വിനോദയാത്രയ്ക്ക് പോയി തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്. ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സജീവിനെ വിളിച്ചെങ്കിലും എടുത്തില്ല. അര്‍ഷാദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന മെസേജ് അയച്ചു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പിന്നീട് അര്‍ഷാദിന്റെയും സജീവിന്റെയും ഫോണുകള്‍ സ്വിച്ച് ഓഫായി.
ഇതോടെ സംശയം തോന്നിയ മൂന്നു പേരും ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റ് തുറന്നു. മുറിയില്‍ രക്തക്കറ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സജീവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റ നിലയിലാണ് മൃതദേഹം. പന്ത്രണ്ടാം തിയതിക്കും പതിനാറിനുമിടയിലാണ് കൊല നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.
Content Highlights – Young man’s body was hidden in the flat’s sewage duct