സിപിഐഎം ഏരിയ സമ്മേളനത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
തിരുവനന്തപുരം: ഒരു ഭാഗത്തേക്കുള്ള ഗതാഗതം നിർത്തിവെച്ച് തിരക്കേറിയ വഞ്ചിയൂർ റോഡിൽ, നടത്തിയ സിപിഐഎം ഏരിയ സമ്മേളനത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനം നടന്നതിനാൽ കോടതിയലക്ഷ്യ നടപടികൾ ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ്
കോടതിയലക്ഷ്യ നടപടി അനിവാര്യമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് നിരീക്ഷിച്ചത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി പാടില്ലെന്ന് 2023ലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. ഇവ ലംഘിച്ചതിനാൽ സ്വമേധയാ കേസെടുക്കുന്ന കാര്യം ആലോചിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. പരിപാടി എന്തായിരുന്നു എന്നും , ആരൊക്കെ പങ്കെടുത്തുവെന്നും ഹൈക്കോടതി ചോദിച്ചു.
പൊലീസ് സ്റ്റേഷന്റെ തൊട്ടുമുൻപിൽ നടന്ന പരിപാടിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാത്തതിൽ പൊലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. കോടതിയുടെയും പൊലീസ് സ്റ്റേഷന്റെയും മുന്നിലാണ് പരിപാടിയെന്ന് നിരീക്ഷിച്ച കോടതി കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തോയെന്നും പൊലീസിനോട് ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞ ഡിവിഷന് ബെഞ്ച് യാത്രാ അവകാശത്തെ തടസപ്പെടുത്തുന്നതാണ് റോഡ് തടഞ്ഞുള്ള പരിപാടിയെന്നും പറഞ്ഞു. എറണാകുളം പനമ്പിള്ളി നഗറിലെ സിപിഐഎം ഏരിയ സമ്മേളനത്തിനെതിരെയും കോടതി രൂക്ഷവിമര്‍ശനം ഉയർത്തി.