ലോക്സഭാ തിരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ ഇന്ന് അന്തിമമായി തീരുമാനിക്കും.
സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന തീരുമാനമെടുക്കാൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് ചേരും. ജില്ലാ കൗണ്‍സിലുകള്‍ നല്കിയ സ്ഥാനാർത്ഥി പട്ടിക വിലയിരുത്തിയാകും സംസ്ഥാന നേതൃയോഗങ്ങള്‍ സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. വിജയ സാധ്യത പരിഗണിച്ച് സംസ്ഥാന നേതൃത്വവും സ്ഥാനാർത്ഥിയെ നിർദ്ദേശിക്കും. സിപിഐ മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായാണ് സംസ്ഥാന നേതൃയോഗങ്ങള്‍ ചേരുന്നത്.
അതാത് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ജില്ലാ കൗണ്‍സിലുകളും നല്കിയ മൂന്നംഗ പട്ടിക സംസ്ഥാന നേതൃയോഗങ്ങള്‍ വിലയിരുത്തും. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്. ജില്ലയില്‍ നിന്ന് ലഭിച്ച പട്ടികയിലും പന്ന്യൻെറ പേരാണ് ഒന്നാമത്. തൃശ്ശൂരില്‍ വി എസ് സുനില്‍ കുമാറും സ്ഥാനാർത്ഥി ആകുമെന്ന് ഉറപ്പിക്കാം. ശക്തമായ ത്രികോണ മത്സരം ജയിക്കാൻ സുനില്‍ കുമാറിനെ സ്ഥാനാർത്ഥിയാക്കണം എന്നതാണ് പാർട്ടിയിലെയും പൊതുവികാരം.
വയനാട് സീറ്റില്‍ ആനി രാജയെ മത്സരിപ്പിക്കും. മാവേലിക്കര മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കുമെന്നതാണ് തർക്ക വിഷയം. എഐവൈഎഫ് നേതാവ് സി എ അരുണ്‍കുമാറിനെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യം. എന്നാല്‍ മാവേലിക്കര മണ്ഡലത്തില്‍ ഉള്‍പ്പെട്ട കോട്ടയം, കൊല്ലം ജില്ലാ കൗണ്‍സിലുകളുടെ മൂന്നംഗ പാനലില്‍ അരുണിൻെറ പേര് ഉള്‍പ്പെട്ടിട്ടില്ല.
ചിറ്റയം ഗോപകുമാർ, പ്രീജാ ശശിധരൻ, കെ അജിത്, ആർ എസ് അനില്‍ തുടങ്ങിയവരുടെ പേരുകളാണ് രണ്ട് ജില്ലാ കൗണ്‍സിലുകളുടെ പാനലിലുമായി ഉളളത്. പാർട്ടി ചർച്ച ചെയ്യുന്നതിന് മുൻപ് പേര് പുറത്ത് വന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം ജില്ലാ കൗണ്‍സിലുകളില്‍ അരുണിൻെറ പേര് ചർച്ചക്ക് വരാതിരുന്നത്. ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അതേ ജില്ലക്കാരൻ എന്ന നിലയില്‍ അരുണിൻെറ പേര് ഒന്നാമതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ നിന്നുളള പേര് തന്നെ സംസ്ഥാന നേതൃയോഗങ്ങള്‍ അംഗീകരിച്ച് കൊള്ളണമെന്ന വ്യവസ്ഥയില്ല. ജയസാധ്യത ആർക്കാണെന്ന് നോക്കിയാകും സംസ്ഥാന നേതൃയോഗം മാവേലിക്കരയിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുക.