ഉറപ്പിച്ചു…മോദി തമിഴ്നാട്ടിൽ മത്സരിക്കും
സ്റ്റാലിന് പണിയായി
ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ഏറെ നാളായി ശക്തമാണ്. ഇപ്പോഴിതാ തമിഴ്നാട് ബിജെപിയുടേയും മോദിയുടെയും വരവ് ആഗ്രഹിക്കുന്നുണ്ടെന്ന് 2014ൽ കന്യാകുമാരിയിൽ നിന്ന് ജയിച്ച് കേന്ദ്രമന്ത്രിയായ പൊൻ രാധാകൃഷ്ണൻ പറയുന്നു. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. അതൊടൊപ്പം മോദി തമിഴ്നാട്ടിൽ തീർച്ചയായും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിര്ത്തുകയാണ് ബിജെപി സംസ്ഥാന ഘടകവും. തമിഴ്നാട്ടിൽ 25 ലോക്സഭാ സീറ്റുകളിലാണ് ബിജെപി വിജയലക്ഷ്യം വെയ്ക്കുന്നതെന്ന് അമിത് ഷാ മുൻപ് പറഞ്ഞിരുന്നു. 2019 ൽ ആകെ 39 ലോക്സഭാ സീറ്റുകളിൽ അഞ്ച് എണ്ണത്തിൽ മാത്രമാണ് ബിജെപി മത്സരിച്ചത്. മൂന്നര ശതമാനം വോട്ടും നേടി . അതിനാൽ തന്നെ ഇത്തവണ 11 സീറ്റുകളിൽ മത്സരിച്ചേക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചന നൽകുന്നത്. കോയമ്പത്തൂരിൽ കഴിഞ്ഞ തവണ ജയിച്ചത് സിപിഎം ആണ്. ഭൂരിപക്ഷം 1,79,143 വോട്ടാണ് നേടിയത്. കന്യാകുമാരിയിൽ കഴിഞ്ഞ തവണ ജയിച്ചത് കോൺഗ്രസ് ആയിരുന്നു. 1,37,950 വോട്ടായിരുന്നു ഭൂരിപക്ഷം.വടക്കേ ഇന്ത്യയിൽ നിന്ന് ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ല എന്നാണ് സൂചന. അതിനാൽ തെക്ക് സംസ്ഥാനങ്ങളിൽ നിന്ന് 130സീറ്റുകളിൽ മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടതുണ്ട്. അതിന് 39 ലോക്സഭാ സീറ്റുകളുള്ള തമിഴ്നാട്ടിൽ മോദി മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്ക്കൂട്ടൽ. കാശി-കന്യാകുമാരി സംഗമം, ചെങ്കോൽ ദില്ലിയിലെത്തിച്ച് പാർലമെന്റിൽ സ്ഥാപിച്ചത് തുടങ്ങി തമിഴ്നാടിന് ശ്രദ്ധ നൽകുന്ന നിരവധി പദ്ധതികൾ മോദി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്.
ബിജെപിയുടെ മിഷൻ സൗത്തിന്റെ ഭാഗമായി രാമനാഥപുരം, കന്യാകുമാരി, കോയമ്പത്തൂര് മണ്ഡലങ്ങളിലൊന്നിൽ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ഏറെ നാളായുണ്ട്. എന്നാൽ തമിഴ്നാട്ടിൽ മോദി മത്സരിക്കുമോ എന്ന കാര്യത്തിൽ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല.ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് മോദിയുടെ തമിഴ്നാട്ടിലേക്കുള്ള വരവ്. ആറുമാസങ്ങൾക്ക് മുമ്പാണ് പ്രചാരണത്തിനടിസ്ഥാനമായ പരാമർശം ഉണ്ടാവുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ഒരു അഭിമുഖത്തിൽ ഇത് സംബന്ധിച്ചൊരു സൂചന നൽകിയിരുന്നു. രാമനാഥ പുരത്ത് നരേന്ദ്രമോദി മത്സരിക്കാൻ സാധ്യതയുണ്ട് എന്ന പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പദയാത്ര കേരളത്തിലും ചലനമുണ്ടാക്കുമെന്നും പൊൻ രാധാകൃഷ്ണന് പറയുന്നു.
എന്നാൽ ഇത്തവണ പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ നിന്നും മത്സരിച്ചാൽ അദ്ഭുതപ്പെടാനില്ല. കാശി–തമിഴ് സംഗമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നടപടികൾ തമിഴ്നാടുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചിട്ടുണ്ട്’ –എന്ന് രാഷ്ട്രീയ നിരീക്ഷകനായ പി.കെ.ഡി.നമ്പ്യാരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. മോദി കന്യാകുമാരിയിൽ നിന്ന് മത്സരിച്ചാൽ കാശിയും കന്യാകുമാരിയും തമ്മിലുള്ള സാംസ്കാരിക ബന്ധം ദൃഢമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കന്യാകുമാരി ബിജെപിക്ക് താരതമ്യേന ശക്തിയുള്ള മണ്ഡലമാണ്. 2021ൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പൊൻ രാധാകൃഷ്ണനും കോൺഗ്രസിന്റെ വിജയകുമാറും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടിയത്. ബിജെപി 4,38,087 വോട്ടും കോൺഗ്രസ് 5,76,037 വോട്ടുകളുമാണ് നേടിയത്.അതേസമയം, കോയമ്പത്തൂർ മേഖലയിൽ ഒരു എംഎൽഎയുണ്ട് എന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്. കോയമ്പത്തൂർ സൗത്തിൽ നിന്നുള്ള വനതി ശ്രീനിവാസനാണ് ബിജെപി എംഎൽഎ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ ബിജെപിയുടെ സി.പി. രാധാകൃഷ്ണൻ 3,92,007 വോട്ടാണ് നേടിയത്. സിപിഎമ്മിലെ പി.ആർ.നടരാജൻ 5,71,150 വോട്ടും നേടി. എന്നാൽ, തമിഴ്നാട്ടിൽ ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള ബന്ധം മോശമാണ്. ഇത് തിരിച്ചടിയാവുമോ എന്ന കാര്യവും പരിശോധനയിലാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഗോദയിലെ അപ്രതീക്ഷിത നീക്കം വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണാം.