‘ദേശീയപാര്‍ട്ടി’ പദവി ; ഈ ലോക്സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന് നിര്‍ണായകം
നിശ്ചിത ശതമാനം വോട്ടോ, എംപിമാരെയോ നേടാനായില്ലെങ്കില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തിനു പകരം തിരഞ്ഞെടുപ്പ് കമ്മിഷൻ തരുന്ന ഏതെങ്കിലും ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരുമെന്നാണ് സിപിഎം നേതാവ് എ.കെ.ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ ‘ദേശീയപാർട്ടി’ എന്ന പദവി സിപിഎമ്മിന് നഷ്ടമാകും. 2004ല്‍ 43 എംപിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോള്‍ 3 എംപിമാരാണുള്ളത്. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഭരണമുണ്ടായിരുന്ന പാർട്ടി നിലവില്‍ കേരളത്തില്‍ മാത്രമാണുള്ളത് ഏറെ പ്രതീക്ഷയുള്ള കേരളത്തില്‍ പരമാവധി നേട്ടമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അതുകൊണ്ടു തന്നെ സിപിഎമ്മിന് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്.
ദേശീയ പാർട്ടിസ്ഥാനം നിലനിർത്തണമെങ്കില്‍ 3 സംസ്ഥാനങ്ങളില്‍ നിന്നായി 11 പേരെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചെടുക്കുകയോ നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാർട്ടി സ്ഥാനമോ വേണം. 11 പേരെ വിജയിപ്പിച്ചെടുക്കാൻ കേരളത്തിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ തവണ ആലപ്പുഴ സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ആറ്റിങ്ങല്‍, പത്തനംതിട്ട, ചാലക്കുടി, ആലത്തൂർ, പാലക്കാട്, വടകര, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലാണ് കൂടുതല്‍ പ്രതീക്ഷ. പിബി അംഗം, മന്ത്രി, 3 എംഎല്‍മാർ, 3 ജില്ലാ സെക്രട്ടറിമാർ എന്നിങ്ങനെ പ്രമുഖ നേതാക്കളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.