പി സി ജോര്‍ജും മകനും ബിജെപിയില്‍; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിച്ചേക്കും
പി സി ജോർജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം ബിജെപിയില്‍ ലയിച്ചു. പാർട്ടി ചെയർമാനായ പി സി ജോർജ്, മകൻ ഷോണ്‍ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ബിജെപി അംഗത്വം സ്വീകരിച്ചു. ഡല്‍ഹിയില്‍ നടന്ന അംഗത്വ സ്വീകരണ ചടങ്ങില്‍ കേന്ദ്ര മന്ത്രി വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള പാർട്ടി നേതാവ് പ്രകാശ് ജാവദേക്കർ, അനില്‍ ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.
രണ്ട് മാസമായി നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ബിജെപിയില്‍ ചേരണമെന്ന ആവശ്യം പാർട്ടിയില്‍ ശക്തമാണെന്നും പി സി ജോർജ് പ്രതികരിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇതെന്ന് ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണി പറഞ്ഞു. കേരളത്തിലെ റോമൻ കത്തോലിക്കാ വിഭാഗത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാവാണ് പി സി ജോർജെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിവരുന്ന നേതാവാണ് പി സി ജോർജെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞത്. കേരളത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി അഡ്ജസ്റ്റ്മെന്റിലാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരായി നടത്തുന്ന വ്യാജ പ്രചാരണങ്ങളെ പിസി ജോര്‍ജിന്റെ പ്രവേശനം തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലയനത്തിന്റെ ഭാഗമായി കേരളത്തില്‍ വലിയ റാലി നടത്തുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.