2024 ലെ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് റോബര്‍ട്ട് വാദ്ര
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന നല്കി റോബര്‍ട്ട് വാദ്ര. പാര്‍ലമെന്റില്‍ നന്നായി പ്രകടനം കാഴ്ച വെക്കാൻ പ്രിയങ്കക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വാദ്ര പി.ടി.ഐയോട് പറഞ്ഞു.
ലോക്സഭ എം.പിയാകാനുള്ള എല്ലാ യോഗ്യതയും പ്രിയങ്കക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രിയങ്കയെ അംഗീകരിക്കുകയും അതിനുള്ള നടപടികള്‍ ആവിഷ്കരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.-വാദ്ര തുടര്‍ന്നു. പാര്‍ലമെന്റിലെ അവിശ്വാസ ചര്‍ച്ചക്കിടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്റെ പേര് പരാമര്‍ശിച്ചതിനെയും വാദ്ര വിമര്‍ശിച്ചു.
രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആളാണ് ഞാൻ. ആരോപണങ്ങള്‍ തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാല്‍ മാപ്പുപറയണം. നമ്മുടെ സ്വന്തം പ്രധാനമന്ത്രി അദാനിയുടെ വിമാനത്തില്‍ ഇരിക്കുന്ന ഒരു ചിത്രം ഞങ്ങളുടെ കൈയിലുണ്ട്. അതിനെ കുറിച്ചും രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങളെ കുറിച്ചും ബി.ജെ.പി എന്തുകൊണ്ടാണ് മറുപടി നല്‍കാത്തത്. – വാദ്ര ചോദിച്ചു.
രണ്ട് പതിറ്റാണ്ടോളം റായ്ബറേലിയിലും അമേഠിയിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്ന പ്രിയങ്ക അവിടെ പാര്‍ട്ടി സംഘടന കെട്ടിപ്പടുത്തു. പരമ്പരാഗതമായി കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ സ്മൃതി ഇറാനിയോട് തോറ്റു. 2004 മുതല്‍ സോണിയാ ഗാന്ധി റായ്ബറേലിയില്‍ പരാജയമറിയാതെ തുടരുകയാണ്. – അദ്ദേഹം പറഞ്ഞു.