കുമ്മനവും കൃഷ്ണദാസും അടക്കം മുതിര്‍ന്ന നേതാക്കള്‍ പുറത്ത്?; യുവരക്തങ്ങള്‍ക്ക് പ്രാമുഖ്യം നല്കാന് ബിജെപി
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആക്കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുന്‍ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്, പി കെ കൃഷ്ണദാസ്, സികെപി പത്മനാഭന്, മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണൻ തുടങ്ങിയവരെ സ്ഥാനാര്‍ത്ഥികളാക്കില്ലെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രമന്ത്രി വി മുരളീധരന്, ശോഭ സുരേന്ദ്രന് എന്നിവരെ മാത്രമാണ് മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത്. മത്സരത്തില്‍ നിന്നും മാറി നില്ക്കാന് അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭ സുരേന്ദ്രനെ ഏതു മണ്ഡലത്തില്‍ മത്സരിപ്പിക്കും എന്നതിലും അനിശ്ചിതത്വം നിലനില്ക്കുന്നു.
മുതിര്‍ന്ന നേതാക്കളെ മാറ്റി പുതുമുഖങ്ങളെ അവതരിപ്പിച്ച് മാറ്റത്തിന് വഴി തുറക്കാനാണ് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്. മാവേലിക്കര, കോട്ടയം, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളില്‍ ബിഡിജെഎസ് മത്സരിക്കും. വയനാട്ടിലും ആലത്തൂരിലും മത്സരിക്കാനുള്ള വിമുഖത ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി നേതാക്കളെ അറിയിച്ചതായാണ് സൂചന.