വിജയുടെ പാർട്ടിക്ക് കരുത്തായി സെങ്കോട്ടയ്യൻറെ കടന്നുവരവ്; എംജിആറിനും ജയലളിതയ്ക്കും ശേഷം ഇനി തമിഴകം വിജയ് ഭരിക്കും??
എഐ എഡിഎംകെ യിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ.എ സെങ്കോട്ടയ്യൻ നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേർന്നു. 50 വർഷമായുള്ള എഐ എഡിഎംകെ ബന്ധം അവസാനിപ്പിച്ച് ഗോപിചെട്ടിപ്പാളയം എംഎൽഎ സ്ഥാനം രാജിവെച്ചതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം ടിവികെയിൽ ചേർന്നത്. 1977 മുതൽ എഐ എഡിഎംകെ എംഎൽഎയായിരുന്നു സെങ്കോട്ടയ്യൻ.
ഇന്ന് ചെന്നൈയിലെ പണയൂരിലുള്ള ടിവികെ പാർട്ടി ആസ്ഥാനത്തെത്തിയാണ് 77-കാരനായ സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിച്ചത്. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, നീലഗിരി എന്നീ ജില്ലകളുടെ സംഘടനാ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചതായി ടിവികെ വൃത്തങ്ങൾ അറിയിച്ചു. വിജയ് പാർട്ടി രൂപീകരിച്ചതിന് ശേഷം ആദ്യമായി ടിവികെയിൽ ചേരുന്ന മുതിർന്ന രാഷ്ട്രീയ നേതാവുകൂടിയാണ് സെങ്കോട്ടയ്യൻ.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് വിജയ സാധ്യതയുള്ള വിജയ്യുടെ സ്വന്തം മണ്ഡലത്തിനു പുറമേ ജയസാധ്യതയുള്ള മറ്റൊരു മണ്ഡലമായി ഗോപിചെട്ടിപ്പാളയത്തെ മാറ്റാൻ സെങ്കോട്ടയ്യന്റെ വരവ് സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
എംജിആറിനും ജയലളിതയ്ക്കും ഒപ്പം പ്രവർത്തിച്ച വിശ്വസ്തനായ നേതാവാണ് സെങ്കോട്ടയനെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് ടിവികെയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും വിജയ് പറഞ്ഞു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്നായിരുന്നു സെങ്കോട്ടയനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
എഐ എഡിഎംകെയിലെ സ്ഥാപകകാലം മുതൽ, എം.ജി.ആറിൻ്റെയും ജയലളിതയുടെയും വിശ്വസ്തനായിരുന്ന സെങ്കോട്ടയ്യൻ്റെ ഈ നിർണ്ണായക നീക്കം, തമിഴകത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുത്താൻ സാധ്യതയുണ്ട്.
1977-ൽ എം.ജി.ആർ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ, ഈറോഡ് ജില്ലയിലെ ഗോപിചെട്ടിപ്പാളയം നിയമസഭാ മണ്ഡലത്തിൽ നിന്ന് ആദ്യമായി വിജയിച്ച് എംഎൽഎയായത് സെങ്കോട്ടയ്യനായിരുന്നു. എം.ജി.ആറിൻ്റെ മരണശേഷം, പാർട്ടി ജയലളിതയുടെ കൈകളിലേക്ക് എത്തിയപ്പോളും സെങ്കോട്ടയ്യൻ വിശ്വസ്തനായി കൂടെ ഉണ്ടായിരുന്നു.
ജയലളിതയുടെ മന്ത്രിസഭയിൽ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുകയും, തിരഞ്ഞെടുപ്പ് പ്രചാരണ യാത്രകൾക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കുകയും ചെയ്യുന്ന പ്രധാന ചുമതലകൾ അദ്ദേഹത്തിനായിരുന്നു. ജയലളിത ഇടയ്ക്കിടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടും, അദ്ദേഹം ഒരിക്കലും മറ്റൊരു പാർട്ടിയിലേക്ക് പോകാൻ തയ്യാറാകാതെ ജയലളിതയുടെ വിശ്വസ്തനായി തുടർന്ന ആളാണ് അദ്ദേഹം.
ജയലളിതയുടെ മരണശേഷം പാർട്ടിയിൽ എടപ്പാടി പളനിസ്വാമി, ഓ പനീർസെൽവം എന്നിവർ തലപ്പത്തു വന്നപ്പോൾ സെങ്കോട്ടയ്യൻ അവരെ തൻ്റെ നേതാക്കളായി അംഗീകരിച്ചില്ല. മുഖ്യമന്ത്രിമാർ ആയിരുന്നപ്പോഴും അദ്ദേഹം ഇരുവരുമായി അകലം പാലിച്ചു. ഇപ്പോൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ്യുടെ പാർട്ടിയെ ഒരു ബദലായി കാണുന്ന അദ്ദേഹം, എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം വിജയ്യെ തൻ്റെ നേതാവായി സ്വീകരിക്കാൻ തീരുമാനമെടുത്തത് ഈ രാഷ്ട്രീയ സാഹചര്യത്തിലാണ്.
എം.ജി.ആറിൻ്റെയും ജയലളിതയുടെയും വിജയ തന്ത്രങ്ങൾ കണ്ട ഈ നേതാവിൻ്റെ അനുഭവ സമ്പത്ത് , വിജയ്യുടെ താരപരിവേഷത്തിനൊപ്പം ചേരുമ്പോൾ, എഐഎഡിഎംകെയുടെ പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ ടിവികെക്ക് കഴിഞ്ഞേക്കും.
എംജിആറിനും ജയലളിതയ്ക്കും ശേഷം സൂപ്പർസ്റ്റാർ പരിവേഷമുള്ള ഒരു മുഖ്യമന്ത്രി ആകാൻ വിജയിനെ ഏറെ സഹായിക്കുന്നതാണ് സെങ്കോട്ടയ്യന്റെ പാർട്ടിയിലേക്കുള്ള വരവ്.













