ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിക്കും, മതേതര കോട്ടയായി തുടരും- എംകെ സ്റ്റാലിൻ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേല്പ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.
പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പില്‍ നടക്കുക എന്നുപറഞ്ഞ അദ്ദേഹം, സാമൂഹിക നീതി, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം, ജനാധിപത്യം, ദ്രാവിഡ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ എന്നിവയ്ക്ക് ബിജിപിയുടെ പ്രത്യയശാസ്ത്രം അപവാദമാണെന്നും വിമർശിച്ചു.
ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സ്റ്റാലിൻ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ബിജെപിക്ക് കീഴടങ്ങിയ എഐഡിഎംകെ ആശയ പാപ്പരത്വമാണ് നേരിടുന്നത്. അതിനാല്‍ ഈ രണ്ടുപാർട്ടികളും ഒരുപോലെയാണ്. എഐഡിഎംകെയാണ് പ്രാഥമിക എതിരാളിയെങ്കിലും രാജ്യം ഭരിക്കുന്നത് ഏറ്റവും വലിയ പ്രത്യയശാസ്ത്ര ശത്രുക്കളാണ്. അവരെ അധികാരത്തില്‍നിന്നും തുരത്തണം. അതിനാണ് വ്യത്യസ്ഥതകള്‍ മറന്ന് വിവിധ രാഷ്ട്രീയ ശക്തികള്‍ ഒന്നിച്ചത്. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇനി തിരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ, തിരഞ്ഞെടുക്കപ്പെട്ട സേച്ഛാധിപത്യമാക്കാനാണ് മോദി ശ്രമിക്കുന്നത്. പൂർവ്വികർ വിഭാവനം ചെയ്ത ഇന്ത്യ എന്ന ആശയം മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ നശിക്കുമെന്നും ബിജെപിയുടെ ദുർഭരണം അവസാനിപ്പിച്ച് ഭരണഘടനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ഏക അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്ക് ഉത്തരേന്ത്യയില്‍പോലും സ്വാധീനം കുറയുകയാണെന്നും രാജ്യത്തെ എല്ലാ കുടുംബങ്ങളെയും മോദിയുടെ ജനവിരുദ്ധനയങ്ങള്‍ ബാധിച്ചതായും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിലുണ്ടായ ക്ഷീണം മാറ്റാനാണ് ദക്ഷിണേന്ത്യയില്‍ ബിജെപി ശ്രമിക്കുന്നത്. അതിന് റോഡ് ഷോയുമായി പലതവണ മോദി വരുന്നു. പക്ഷെ ഇതിനിടെയാണ് തെലങ്കാനയിലും കർണാടകയിലും കോണ്‍ഗ്രസ് അധികാരം പിടിച്ചത്. തമിഴ്നാട്ടില്‍ നേട്ടം കൊയ്യാമെന്നത് ബിജെപിയുടെ ഭാവന മാത്രമാണെന്നും ദക്ഷിണേന്ത്യ എന്നും മതേതര കോട്ടയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.