അയ്യപ്പന് സ്വർണ്ണം എന്തിനാ? അതൊക്കെ ഉണ്ണികൃഷ്ണൻ പോറ്റി എടുത്തു; കേരളം കണ്ട ഏറ്റവും വലിയ ക്ഷേത്ര കവർച്ച ശബരിമലയിൽ

സ്വർണ്ണപാളി തട്ടിപ്പ് നടത്തിയ ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമല തന്ത്രി കുടുംബത്തിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഇന്ന് പുറത്തുവന്നിട്ടുണ്ട്. തിരുവല്ല വിജയ കണ്വെന്ഷന് സെന്ററില്‍ നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവരും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ആളുകളും ഉണ്ടായിരുന്നു. ഈ വിവാഹച്ചടങ്ങിലാണ് ഉണ്ണികൃഷ്ണന് പോറ്റി ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിച്ചേര്‍ന്നത്. ദേവസ്വം മന്ത്രി വി.എന്‍. വാസവനൊപ്പം ഉണ്ണികൃഷ്ണന് പോറ്റി നില്ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ദേവസ്വം മന്ത്രി വാസവൻ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഉണ്ണികൃഷ്ണന് പോറ്റിയെ കാണാം. ഉന്നതരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങൾ.
ഇപ്പോളും ശബരിമലയില്‍നിന്ന് സ്വര്‍ണം പൂശാനായി ദേവസ്വം ബോർഡ് തന്നെ ഏല്‍പ്പിച്ചത് ചെമ്പുപാളികള്‍ തന്നെയെന്ന മൊഴിയിൽ ഉറച്ചുനില്‍ക്കുകയാണ് പോറ്റി. ശനിയാഴ്ചയും ഞായറാഴ്ചയും ഒക്കെ ദേവസ്വം വിജിലന്‍സ് മൊഴിയെടുത്തപ്പോഴും ഇതേ വാദംതന്നെയാണ് അയാൾ പറയുന്നത്.
അതോടൊപ്പം 2019 ഡിസംബറില്‍ ഉണ്ണികൃഷ്ണന് പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങളും പുറത്തു വന്നിരുന്നു. ശബരിമലയിലെ വാതിലുകൾ, ദ്വാരപാലക ശില്പങ്ങൾ എന്നിവയിൽ സ്വർണ്ണ പ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷവും ബാക്കി വന്ന സ്വർണം തന്റെ പക്കൽ ഉണ്ടെന്നും അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചാണ് ഇ മെയില്‍ അയച്ചത്. 2019 ഡിസംബറിലാണ് മെയില്‍ അയച്ചിരിക്കുന്നത്.
സഹായിയുടെ ഇ മെയില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍പോറ്റി പ്രസിഡന്റിന് മെയില്‍ അയച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ സെക്രട്ടറി അയച്ച ഒരു കത്ത് കൂടി കോടതി വഴി പുറത്തുവന്നു. ഉണ്ണികൃഷ്ണന് പോറ്റിയുടെ ആവശ്യത്തില്‍ എന്ത് തീരുമാനമാണ് കൈകൊള്ളേണ്ടത് എന്ന തരത്തിലാണ് കത്ത്. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ ബാക്കിയുണ്ടെന്ന് പറയുന്ന സ്വര്‍ണം ബോര്‍ഡ് തിരിച്ചെടുത്തതായി രേഖകളിൽ ഇല്ലാ എന്ന കാര്യം ഞെട്ടിച്ചുവെന്നും കോടതി വ്യക്തമാക്കി.
ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം വെള്ളിയാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് പ്രത്യേക അന്വേഷണ സംഘം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
എന്നാൽ പോറ്റി അയച്ച മെയിലിൽ സൂചിപ്പിച്ചിരുന്നത് ശബരിമല സന്നിധാനത്തെ സ്വര്‍ണമാണെന്ന് ആ സമയത്ത് കരുതിയില്ല എന്നാണ് മുൻ പ്രസിഡന്റ് വാസു മാധ്യമങ്ങളോട് പറഞ്ഞത്. എന്തായാലും പോറ്റിയുടെ ഇ മെയിൽ കിട്ടിയെന്ന് സ്ഥിരീകരിക്കുന്നതാണ് എൻ വാസുവിന്റെ പ്രതികരണം.
എന്തായാലും കേരള ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷേത്ര കൊള്ളയാണ് ശബരിമലയിൽ നടന്നത് എന്നതിൽ തർക്കമില്ല. ഈ കാലം കൊണ്ട് പല അമ്പലങ്ങളിലും കേറി സാധാരണ കള്ളന്മാർ മോഷ്ടിച്ചതിന്റെ നൂറിരട്ടി, ബോർഡിന്റെ സഹായത്തോടെ ഇടനിലക്കാരൻ മോഷ്ടിച്ചിരിക്കുന്നു.
അവിടുത്തെ അയ്യപ്പൻറെ വിഗ്രഹം ഒഴികെ ബാക്കി എല്ലാറ്റിലും ഈ കൊള്ളസംഘം കൈ വച്ചിട്ടുണ്ട്. ഒന്നൊന്നര കിലോ സ്വർണ്ണമാണ് ആവിയായി പോയത്.
ഇതിലെ സത്യം തെളിയിക്കാൻ ഇനി ഒരു വഴിയുണ്ട്. അതിനായി ഒരു അഷ്ടമംഗല ദേവപ്രശ്നം നടത്തിയാൽ മതിയാകും. പണ്ട് 2006 ലെ ലക്ഷമൺ ലിങ്ക് ഫ്ലാറ്റിൽ നടന്ന ബ്ലാക്ക് മെയിലിങ് കേസിൽ ശബരിമല തന്ത്രി ആയിരുന്ന കണ്ഠരര് മോഹനനെ ശബരിമലയിലെ പൂജാദി കർമ്മങ്ങളിൽ നിന്നും വിലക്കിയിരുന്നു. തന്ത്രിയെ ഫ്ലാറ്റിൽ എത്തിച്ച് സ്ത്രീക്കൊപ്പം നിർത്തി ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തി 7 അംഗ സംഘം പണവും സ്വർണഭാരണവും തട്ടിയെടുക്കുകയായിരുന്നു.
2018 ൽ ശബരിമലയിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിൽ ചെയ്യാത്ത കുറ്റത്തിന് പൂജാദികർമ്മങ്ങളിൽ നിന്ന് മോഹനരെ വിലക്കിയത് പാപമാണന്ന് തെളിഞ്ഞു. തുടർന്നാണ് പാപപരിഹാരമായി മോഹനർക്ക് വീണ്ടും താന്ത്രികാവകാശം നൽകുന്നതിൽ എതിർപ്പുണ്ടോ എന്ന് ദൈവജ്ഞർ ദേവസ്വം ബോർഡിനോട് ചോദിച്ചു. മുൻ തന്ത്രിയെ തിരികെ കൊണ്ട് വരുന്നതിൽ എതിർപ്പില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ നിലപാട് എടുത്തത്.
ക്ഷേത്രങ്ങളിലെ ഇത്തരം സ്വർണ്ണ മോഷണവും പണം വെട്ടിപ്പും ഒക്കെ നിർത്താൻ ഭക്തന്മാർ വിചാരിച്ചാലും കഴിയും. ഒരൊറ്റ പൈസ നേര്‍ച്ച ആയോ കൊടുക്കില്ലെന്ന് തീരുമാനിക്കുക. ലോകം തന്നെ നിങ്ങളുടെ ഈ പണത്തിന്റെ ആവശ്യമുണ്ടോ?? പണം, സ്വർണ്ണം, സ്ഥാനമാനങ്ങൾ എന്നിവക്ക് വേണ്ടിയാണ് ദൈവത്തോട് പ്രാർത്ഥിക്കുന്നത്. അപ്പോൾ അങ്ങോട്ട് ഒരു കൈക്കൂലി പോലെ പൈസ കൊടുക്കേണ്ട ഒരു കാര്യവുമില്ല.
ഇങ്ങനെ പണത്തിന്റെ വരവ് ഇല്ലാതായാൽ, അമ്പല കമ്മിറ്റിക്കാരും, ബോർഡും ഒക്കെ നന്നാവും. യഥാർത്ഥ ഭക്തന്മാർ മാത്രമേ പിന്നെ അതിലൊക്കെ ഉണ്ടാകൂ. പണം ഇല്ലാത്ത അമ്പലത്തിൽ കേറി ഭരിക്കാൻ ഒരു രാഷ്ട്രീയക്കാരനും ആ വഴിക്ക് പോലും വരികയുമില്ല.