എല്ലാവഴിയും അടഞ്ഞപ്പോൾ ”ഇന്ത്യൻ ഗ്രാൻഡ് മുഫ്തി”യുടെ ഇടപെടൽ; നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ തീവ്രശ്രമങ്ങൾ തുടരുന്നു

യെമന്‍ പൗരനെൻ തലാലിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്നത് നിർണായക നീക്കങ്ങൾ ആണ്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കുമെന്ന ഉത്തരവിന് പിന്നാലെയാണ് ചർച്ചകൾ നിർണായകമാകുന്നത്.
നിമിഷപ്രിയയുടെ കേസിൽ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ നിലപാടറിയിച്ചതോടെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസല്യാരുടെ ഇടപെടലിൽ ഉറ്റുനോക്കി ഒരു രാജ്യം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് .
ഗോത്ര നേതാക്കളും കൊല്ലപ്പെട്ട തലാലിൻ്റെ നിയമ സമിതി കമ്മിറ്റി അംഗങ്ങളും, കുടുംബവും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സന്തോഷകരമായ ഒരു അവസാന തീരുമാനം പ്രതീക്ഷിക്കാമെന്ന് ശൈഖ് ഹബീബ് ഉമറിൻ്റെ പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം മൂന്നു ഘട്ടമായാണ് ചർച്ച നടന്നത്. കുടുംബങ്ങള്‍ക്കിടയില്‍ ഒരേ അഭിപ്രായം കൊണ്ടുവരാനും, അത് വരെ ശിക്ഷ നീട്ടിവെപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പ്രതിനിധി സംഘം തലാലിൻ്റെ നാടായ ദമാറില്‍ തന്നെ തുടരുകയാണ്.
വധശിക്ഷ നടപ്പിലാക്കാൻ 24 മണിക്കൂർ ശേഷിക്കെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് യെമന്‍ സര്‍ക്കാരുമായി നടത്തിയ അടിയന്തര ഇടപെടലാണ് ഏറെ വഴിത്തിരിവായത്. കാന്തപുരത്തിന് അടുത്ത വ്യക്തിബന്ധമുള്ള യെമനിലെ ഏറ്റവും പ്രധാനപ്പെട്ട മതപണ്ഡിതനായുള്ള ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് മുഖാന്തരമാണ് അടിയന്തര ചര്‍ച്ചകള്‍ നടക്കുന്നത്.
നിമിഷപ്രിയ കേസില്‍ എല്ലാ പ്രതീക്ഷകളും അവസാനിച്ചു, വധശിക്ഷ നടപ്പിലാകും എന്ന് കരുതിയ സമയത്ത് കാന്തപുരം നടത്തിയ ഇടപെടല്‍ മലയാളികളെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. വിഷയത്തില്‍ കാന്തപുരം ഉസ്താദിൻ്റെ ഇടപെടല്‍ വലിയ രീതിയില്‍ ഗുണം ചെയ്തുവെന്നാണ് കോര്‍ കമ്മിറ്റി അംഗം കെ. സജീവ് കുമാറിൻ്റെ പ്രതികരണം. ഉസ്താദിന് യെമനില്‍ ഉള്ള ബന്ധമാണ് ഏറെ സഹായകരമായത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും എം എല്‍ എയുമായ ചാണ്ടി ഉമ്മന്റെ ആവശ്യപ്രകാരമാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ഈ വിഷയത്തില്‍ ഇടപെടുന്നത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും മറ്റും യമനിലെ സന്‍ആയിലെത്തി ദീര്‍ഘകാലമായി വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നു എങ്കിലും കൊല്ലപ്പെട്ട തലാലിന്റെ ജന്മനാടായ ദമറിലേക്ക് എത്തിപ്പെടാനും കുടുംബാംഗങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും കഴിഞ്ഞിരുന്നില്ല.
എന്നാല്‍, യമനിലെ സര്‍വാദരണീയ പണ്ഡിതന് ശൈഖ് ഹബീബ് ഉമര്‍ബ്നു ഹഫീളിന്റെ ഇടപെടലിലൂടെയാണ് നാട്ടുകാരും കുടുംബവും ചര്‍ച്ചക്ക് തയ്യാറായത്. അദ്ദേഹവുമായി കാന്തപുരം ഉസ്താദിന് വളരെ അടുത്ത ബന്ധമാണുള്ളത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് ഒരു വിദേശ മുസ്ലിം രാജ്യത്ത് എന്ത് മാത്രം വിലയുണ്ടെന്ന് കൂടി തെളിയിക്കുന്നതാണ് കാന്തപുരത്തിന്റെ ഇപ്പോളത്തെ ഇടപെടൽ.
നിയമപരമായി ഒരു രാജ്യത്തെ ഗവൺമെന്റിന് ചെയ്യാൻ പറ്റാതെ പോയൊരു കാര്യം, കാന്തപുരം ഉസ്താദ് ചെയ്യുമ്പോൾ, അല്ലെങ്കിൽ അതിനായി ശ്രമിക്കുമ്പോൾ, എല്ലാവര്ക്കും ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർക്ക് അതിന് കഴിയും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.