ലോകജനതയെ ചേര്‍ത്തുപിടിച്ച കാരുണ്യവാന് ഷെയ്ഖ് ഖലീഫ വിടപറയുമ്പോള്‍
യുഎഇയുടെ വികസനചരിത്രത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഭരണകര്‍ത്താവ് എന്നതിലുപരി, യുഎഇ ഭരണ രംഗത്തെ സൗമ്യ സാന്നിധ്യം കൂടിയായിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം വീട് പോലെ യുഎഇ എന്ന രാജ്യത്തെ മാറ്റിയെടുത്ത കാരുണ്യവാന്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ഒരു ഞെട്ടലോടെയാണ് യുഎഇയിലെ ജനങ്ങളും പ്രവാസികളുമടങ്ങുന്ന സമൂഹം കേട്ടത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ. എങ്കിലും വികസനത്തിലേക്ക് രാജ്യം മാറുമ്പോഴും പ്രകൃതിയേയും ചേര്‍ത്ത് നിര്‍ത്താന്‍ അദ്ദേഹം മറന്നിരുന്നില്ല. 1948 ല്‍ ഷെയ്ഖ് സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂത്തമകനായി അലൈനിലെ അല്‍ മുവൈജിയിലാണ് ഷെയ്ഖ് ഖലീഫ ജനിച്ചത്. അല്‍ ഐനില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. അല്‍ ഐന്‍ മേഖലയുടെ അന്നത്തെ ഭരണാധികാരിയായിരുന്ന പിതാവിനൊപ്പം ഭരണ കാര്യത്തില്‍ ഇടപെട്ടാണ് അദ്ദേഹത്തിന്റെ ബാല്യകാലം കടന്നു പോയത്.
സാധാരണക്കാരായ ജനങ്ങളുടെ ജീവിതവും ജീവിത രീതികളും മനസിലാക്കി മൂല്യങ്ങളില്‍ നിന്നുകൊണ്ട് ജനങ്ങളിലേക്ക് സേവനമെത്തിക്കുന്ന പിതാവ് ഷെയ്ഖ് സയ്യീദ് തന്നെയായിരുന്നു ഷെയ്ഖ് ഖലീഫയുടെ മാതൃകയും. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ നിന്നു പകര്‍ന്നു കിട്ടിയ അറിവും, വെളിച്ചവും കൂടുതല്‍ തെളിച്ചത്തോടെ രാജ്യത്തിന് പകര്‍ന്നു നല്‍കാനും ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന് കഴിഞ്ഞു.
അല്‍ ഐനും ബുറൈമി മേഖലയും അന്ന് അറബ് മേഖലയിലെ തന്നെ മികച്ച വാണിജ്യ, സാംസ്കാരിക കേന്ദ്രമായിരുന്നു. കാര്‍ഷിക മേഖലയില്‍ സജീവമായിരുന്ന വലിയൊരു സമൂഹം ജീവിച്ച പ്രദേശമായത് കൊണ്ട് തന്നെ ജനങ്ങളുടെ വിവിധ വിഷയങ്ങള്‍ ചെറുപ്പത്തില്‍ തന്നെ മനസ്സിലാക്കാനും അതിന് മികച്ച അവസരം കണ്ടെത്താനുമൊക്കെ അദ്ദേഹത്തിന് അവസരങ്ങളുണ്ടായി. അക്കാലത്തെ മജ്ലിസുകളില് നിന്ന് സമൂഹത്തിന്റെ വിവിധ വിഷയങ്ങള്‍ മനസ്സിലാക്കാനും പില്ക്കാലത്ത് യു എ ഇയുടെ ഭരണ സാരഥ്യത്തിലെത്തിയപ്പോള് ജനങ്ങളുടെ വിഷയങ്ങളില്‍ അതീവ താത്പര്യത്തോടെ ഇടപെടാനും വ്യത്യസ്തങ്ങളായ നിരവധി പദ്ധതികള്‍ അവര്‍ക്കായി കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.
ശേഷം പിതാവിന്റെ വിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹം യുഎഇ യുടെയും അബൂദാബിയുടെയും ഭരണം ഏറ്റെടുക്കുന്നത്. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ഭരണം ഏവരെയും അമ്പരപ്പിച്ചു. പിതാവിന് തുല്യനായി, അല്ലെങ്കില്‍ ഒരുപിടി മുകളില്‍ എത്താന്‍ ഷെയ്ഖ് ഖലീഫയ്ക്ക് സാധിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെഏറ്റവും വലിയ വിജയവും.
രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ട് അവര്‍ക്ക് ക്ഷേമ, ഐശ്വര്യങ്ങള്‍ എത്തിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് യുഎഇയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതിന് ഷൈഖ് ഖലീഫ നിന്ന് പ്രവര്‍ത്തിച്ചു. പിന്നീടങ്ങോട്ട് ലോകം കണ്ടത് ഷൈഖ് ഖലീഫയുടെ ഭരണ മികവായിരുന്നു. ഇതോടെ ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വമുള്‍പ്പെടെ ആഗോള വേദികളില്‍ യുഎഇ ശ്രദ്ധിക്കപ്പെടാന്‍
തുടങ്ങി. ഭരണപരമായ റാങ്കിംഗിലും ജനക്ഷേമം അളക്കുന്നതിനുള്ള നിരവധി റാങ്കിംഗുകളിലും യുഎഇ വന്‍കിട രാജ്യങ്ങളെ പോലും പിന്തള്ളി മുന്നിലെത്തിയത് രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ഭരണ മികവ് ഉയര്‍ത്താനും ഇടയാക്കി. അതുകൊണ്ടുതന്നെ ജീവിക്കാനും തൊഴില്‍ ചെയ്യാനുമുള്ള ആഗോള ലക്ഷ്യസ്ഥാനത്തില്‍ യുഎഇ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഭരണാധികാരികളുടെ തീവ്രപ്രയത്നം കൊണ്ട് മാത്രമാണെന്ന് തന്നെ പറയേണ്ടിവരും.
ഇങ്ങനെ മികവിലൂടെ ആഗോള ശ്രദ്ധ നേടിയ രാജ്യമായി യുഎഇ കുതിച്ചുയര്‍ന്നത് ഏതാനും വര്‍ഷങ്ങളുടെ പരിശ്രമം കൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ ഉന്നതിക്ക് വേണ്ടി മുന്നില്‍ നില്‍ക്കുകയും രാജ്യത്തെ ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറുകയും ചെയ്ത ഭരണാധികാരിയെയാണ് ശൈഖ് ഖലീഫയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ഇന്ത്യക്കാരോട് ഏറെ സ്നേഹമായിരുന്നു ശൈഖ് ഖലീഫയ്ക്ക്. അതുകൊണ്ട് തന്നെ യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹത്തിന്റെ ഹൃദയത്തില്‍ അദ്ദേഹം എന്നും ചരിത്ര പുരുഷനായി തന്നെ നിലകൊള്ളും.
Content Highlight – Ruler who played a crucial role in the development history of the UAE