മരുഭൂമിയിലേക്ക് മണ്ണ് കയറ്റി അയക്കും, കോടികൾ നേടുകയും ചെയ്യും; ഓസ്ട്രേലിയൻ മണ്ണ് മേടിക്കാൻ കോടികൾ പൊടിക്കുന്ന സൗദി അറേബ്യ

സൗദി അറേബ്യ എന്ന പേര് കേട്ടാൽ എല്ലാവരും ആദ്യം മനസ്സിൽ കാണുന്നത് മരുഭൂമി തന്നെ ആയിരിക്കും ഇത്തരം മരുഭൂമികളാല്‍ സമ്പന്നമാണ് സൗദി അറേബ്യ എന്ന രാജ്യം. പക്ഷേ ഇങ്ങനെ വിശാലമായ മരുഭൂമികള്‍ക്ക് പേരുകേട്ട സൗദി അറേബ്യ വിദേശ രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഓസ്ട്രേലിയ, ചൈന, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്ന് വളരെക്കാലമായി മണല്‍ ഇറക്കുമതി ചെയ്യുന്നുണ്ട് എന്നതും ഒരു യാഥാർഥ്യമാണ്.
ഗൾഫിലെ ഒരു മരുഭൂമി രാഷ്ട്രം മണല്‍ വാങ്ങുക എന്ന ആശയം തന്നെ അമ്പരപ്പിക്കുന്നതായി തോന്നുമെങ്കിലും ഇതിന് പിന്നില്‍ സൗദിയുടെ ഭാവി തന്നെ നിര്‍ണയിക്കുന്ന ചില ഘടകങ്ങളുണ്ട്. കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന വിഷന്‍ 2030 പദ്ധതികളുമായി രാജ്യം സൗദി മുന്നോട്ട് പോകുമ്പോള്‍, മരുഭൂമികള്‍ക്ക് നല്കാന് കഴിയാത്ത ഒരു പ്രത്യേക തരം മണലിനുള്ള ആവശ്യം കൊണ്ടാണ് ഈ മണ്ണ് വാങ്ങുന്നത്.
സൗദി അറേബ്യയിലെ ഭൂപ്രകൃതികള്‍ മണല്‍ കൊണ്ട് സമൃദ്ധമായിരിക്കാം. പക്ഷേ എല്ലാ മണലും ഒരേപോലെയല്ല. മരുഭൂമികളില്‍ കാണപ്പെടുന്ന മണലുകള്‍ സാധാരണയായി മിനുസമുള്ളതാണ്.
സിമന്റും വെള്ളവും മിക്സ് ചെയ്യാൻ പറ്റിയതല്ല ഇത്തരം മണ്ണ്.
കെട്ടിടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നഗരവികസനം എന്നിവയ്ക്ക് ആവശ്യമായ മണല്‍ സാധാരണയായി നദീതടങ്ങള്‍, തടാകങ്ങള്‍, കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഇങ്ങനെ നദീതടങ്ങളില്‍ നിന്ന് ശേഖരിച്ചതോ പാറപ്പൊടിയില്‍ നിന്ന് നിര്‍മിച്ചതോ ആയ മണലാണ് ഓസ്ട്രേലിയയില്‍ നിന്നും സൗദി ഇറക്കുമതി ചെയ്യുന്നത്. വ്യവസായിക ആവശ്യങ്ങള്‍ക്കും കെട്ടിട നിര്‍മാണത്തിനും ഉപയോഗിക്കാന്‍ കഴിയുന്നതാണിത്. മികച്ച ഗുണമേന്മയും ഓസ്ട്രേലിയന്‍ മണലിനെ സൗദിയുടെ പ്രിയപ്പെട്ടതാക്കുന്നു.
2023ല്‍ മാത്രം ഓസ്ട്രേലിയ കയറ്റുമതി ചെയ്തത് 273 മില്യന്‍ ഡോളറിന്റെ മണലാണ്. കത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മണല്‍ കയറ്റുമതി രാഷ്ട്രവും ഓസ്ട്രേലിയ തന്നെ. 2023ല്‍ 1.4 ലക്ഷം ഡോളറിന്റെ സ്വാഭാവിക മണല്‍ ഓസ്ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്തെന്നാണ് കണക്ക്. സൗദിക്ക് പുറമെ യു.എ.ഇ, ഖത്തര്‍ പോലുള്ള ഗള്‍ഫ് രാജ്യങ്ങളും വലിയ തോതില്‍ മണല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
എന്നാൽ ആഗോളതലത്തില്‍ മണല്‍ ലഭ്യതക്ക് വലിയ പ്രതിസന്ധി നേരിടുന്നു എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലെ 14 നദികളില്‍ 1.7 കോടി ടണ്‍ മണലുണ്ടെന്ന് അടുത്തിടെ നടന്ന മണല്‍ ഓഡിറ്റിംഗില്‍ കണ്ടെത്തിയിരുന്നു. ചില്ലറ വിപണിയില്‍ കിലോഗ്രാമിന് ആറ് രൂപയോളം ആണ് മണലിന് വില. അങ്ങനെ കണക്കാക്കിയാല്‍ 10,000 കോടി രൂപയുടെ മണല്‍ നമ്മുടെ നദികളില്‍ കിടപ്പുണ്ട് എന്നാണ് കണക്ക്. ഇതില്‍ ചില നദികളില്‍ നിന്ന് മണല്‍വാരാനുള്ള അനുമതി സർക്കാർ നല്‍കിയിട്ടുണ്ട്.
കേരളത്തിന് സമീപം കടലില്‍ നിര്‍മാണത്തിന് പറ്റിയ 74.5 കോടി ടണ്‍ മണൽ ഉണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. ഏകദേശം 35,000 കോടി രൂപ വില വരുന്ന ഈ മണല്‍ കോരിയെടുക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ തുടങ്ങിയെങ്കിലും, ഇതുവരെ ഒരു കമ്പനിയും മുന്നോട്ട് വന്നിട്ടില്ല.