അമേരിക്കയുടെ നെഞ്ചിടിപ്പേറ്റുന്ന ”CCCP” വീണ്ടും എത്തി; സോവിയറ്റ് യൂണിയൻറെ പ്രതാപകാലം അനുസ്മരിച്ച് റഷ്യൻ പ്രതിനിധികൾ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ അലാസ്കയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് അമേരിക്കയിൽ എത്തിയത് ‘സിസിസിപി’ എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ്. മൂന്ന് വർഷമായി തുടരുന്ന യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗം തേടി നടത്തുന്ന ചർച്ചയിൽ പങ്കെടുക്കാൻ ‘സിസിസിപി’ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് റഷ്യൻ വിദേശകാര്യമന്ത്രി എത്തിയത് ലോകശ്രദ്ധ നേടുകയാണ്.
സിസിസിപി എന്നത് യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് അല്ലെങ്കിൽ USSR എന്നതിന്റെ റഷ്യൻ ഭാഷയിലെ ചുരുക്കപ്പേരാണ്. 1991ൽ 15 പുതിയ രാജ്യങ്ങളായി പിരിയുന്നതിനു മുൻപ്, സോവിയറ്റ് യൂണിയൻ എന്നറിയപ്പെട്ടിരുന്ന യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു യുക്രെനും. അന്ന് ലോകത്തിലെ അനിഷേധ്യ ശക്തിയായിരുന്ന, റഷ്യയുടെ പഴയ പ്രതാപത്തെ സൂചിപ്പിച്ചാവാം സോവിയറ്റ് കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ഈ ടീ ഷർട്ട് ധരിച്ച് ലാവ്റോവ് എത്തിയത് എന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്.
റഷ്യ എന്ന മഹാരാജ്യത്തിന്റെ സ്വത്വത്തെയും പരമാധികാരത്തെയും ഉയർത്തി പിടിക്കാനാണ് സോവിയറ്റ് യൂണിയന്റെ ചുരുക്കപ്പേരായ CCCP എന്നെഴുതിയ ടീ ഷർട്ട് ധരിച്ചതിലൂടെ ലാവ്റോവ് ശ്രമിക്കുന്നത് എന്ന കാര്യം എന്തായാലും വ്യക്തമാണ്. ചർച്ചയിൽ റഷ്യ ഒരിഞ്ച് പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വന്തം നിബന്ധനകൾക്ക് അനുസൃതമായി ചർച്ചകളിൽ പങ്കെടുക്കുമെന്നും, പഴയ പോലെ ഉറച്ച നിലപാട് നിലനിർത്തുമെന്നും അമേരിക്കക്ക് സൂചന നൽകുന്നതാണ് ലാവ്റോവിന്റെ ടി ഷർട്ടെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ കുറേക്കാലമായി, പുടിൻ സോവിയറ്റ് യൂണിയന്റെ തകർച്ച സംഭവിക്കാൻ പാടില്ലാത്തതാണെന്ന് നിരന്തരം പറയുന്നുമുണ്ട്. റഷ്യൻ ഭരണകൂടത്തിന്റെ ഈ താൽപര്യം അടിവരയിടുന്നുതാണ് ലാവ്റോവിന്റെ ടീ ഷർട്ട്. പൂർണമായും പഴയ സോവിയറ്റ് യൂണിയന്റെ കാഴ്ചപ്പാടല്ല, ഇപ്പോഴത്തെ റഷ്യക്കുള്ളത്. എങ്കിലും സോവിയറ്റ് യൂണിയനിൽനിന്ന് വിട്ടുപോയ രാജ്യങ്ങളെയൊക്കെ നാറ്റോ സഖ്യകക്ഷിയാക്കി മാറ്റി, ലോകത്തിന്റെ പൊലീസ് ആയി മാറാൻ ശ്രമിക്കുന്ന അമേരിക്കയ്ക്കുള്ള ഒരു മുന്നറിയിപ്പ് കുടിയാണ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ സിസിസിപി ടീ ഷർട്ട് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
സോവിയറ്റ് യൂണിയൻ ഒരുകാലത്ത് അമേരിക്കയുടെ ശക്തരായ എതിരാളികളായിരുന്നു. ഒരു കാര്യത്തിലും അവർക്ക് മേലെ മേൽക്കൈ നേടാൻ അമേരിക്കക്ക് സാധിച്ചിരുന്നില്ല. സോവിയറ്റ് യൂണിയൻ തകർന്നതോടെ അന്താരാഷ്ട്ര തലത്തിൽ ആ രാജ്യത്തിന്റെ പിന്തുടർച്ച റഷ്യ ഏറ്റെടുക്കുകയായിരുന്നു. 1991ൽ, 15 പുതിയ രാജ്യങ്ങളായി പിരിയുന്നതിനു മുൻപ്, സോവിയറ്റ് യൂണിയൻ എന്നറിയപ്പെട്ടിരുന്ന യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു യുക്രെയ്നും റഷ്യയും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ അലാസ്കയിൽ നിന്നും മടങ്ങും മുമ്പ് സോവിയറ്റ് സൈനികരുടെ ശവകുടീരം സന്ദർശിച്ചാണ് പുടിൻ വീണ്ടും തങ്ങളുടെ സോവിയറ്റ് കാല പ്രതാപം ലോകത്തെ ഓർമ്മിപ്പിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം, റഷ്യൻ പ്രസിഡന്റ് തന്റെ വിമാനത്തിൽ കയറുന്നതിന് മുമ്പ് ഫോർട്ട് റിച്ചാർഡ്സൺ മെമ്മോറിയൽ സെമിത്തേരിയിലെ സോവിയറ്റ് സൈനികരുടെ ശവകുടീരങ്ങളിൽ പുഷ്പാർച്ചന നടത്തുകയായിരുന്നു.
രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കയിൽ നിന്ന് സോവിയറ്റ് യൂണിയനിലേക്ക് ഉപകരണങ്ങൾ കൊണ്ടുവരുന്നതിനിടെ മരിച്ച സോവിയറ്റ് പൈലറ്റുമാരെയും നാവികരെയും പുടിൻ ആദരിച്ചു എന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ലോകം ഭരിക്കാൻ പഴയ പ്രതാപത്തോടെ സോവിയറ്റ് യൂണിയൻ തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് റഷ്യക്കാരും, അവരുടെ പ്രസിഡന്റ് പുട്ടിനും. ഇന്ന് വന്ശക്തികളായി അഹങ്കരിക്കുന്ന അമേരിക്കയും സഖ്യകക്ഷികളും ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ മുന്നിൽ ഒന്നുമില്ലായിരുന്നു. ആ കൂട്ടായ്മ തകർന്നെങ്കിലും കരുത്ത് ഒട്ടും ചോരാതെ തന്നെയാണ് റഷ്യ ലോകത്തിന്റെ മുന്നിൽ തല ഉയർത്തി നിൽക്കുന്നത്.