റെയ്നോ ഗോൾഡ് എന്ന പേരിൽ പുത്തൻ പോൺസി സ്കീം കേരളത്തിൽ; ആട്, തേക്ക്, മാഞ്ചിയം, ഹൈറിച്ച് ഓർമ്മയുള്ളവർ അകലം പാലിക്കുക, സൂക്ഷിച്ചാൽ ദുഖിക്കേണ്ട

പല വിധത്തിലുള്ള തട്ടിപ്പുകളും, അതിൽ പണം നഷ്ടപ്പെട്ടവരുടെ കരച്ചിലും ആത്മഹത്യായും ഒക്കെ കണ്ടു വരുന്ന ആളുകളാണ് നമ്മൾ മലയാളികൾ. ആട്, തേക്ക് മാഞ്ചിയം മുതൽ വിവിധ കോയിനുകളും ഹൈറിച്ചും വരെ നമ്മളൊക്കെ കണ്ടതാണ്. അതിന്റെ ചുവട് പിടിച്ച് തന്നെ വളര്ന്നുവരുന്ന, അല്ലെങ്കിൽ പടർന്നു പിടിക്കുന്ന ഒരു ഇടപാടാണ് റെയ്നോ ഗോൾഡ്.
ഇതിന്റെ മുതലാളി പറയുന്നത് കോടികളുടെ ആസ്തി തനിക്കുണ്ട് എന്നാണ്. എന്നാൽ മണ്ണാർക്കാട് വാടകക്കാർ ഈ മുതലാളി താമസിക്കുന്നത്. പലതട്ടിപ്പ് നടത്തുന്നവരും അങ്ങനെയായിരിക്കും, വാടക വീട്ടിലെ താമസിക്കൂ, കാരണം കളഞ്ഞിട്ട് പോകാൻ എളുപ്പമാണ്.
Reino ഗോൾഡ് എന്ന പേരിൽ വെബ്സൈറ്റ് ഉണ്ടാക്കി വച്ച്, ഒരു ഫോൺ നമ്പർ പോലും കൊടുക്കാതെ ഇത് വരെ തട്ടിച്ചത് 20 കോടി രൂപയാണെന്ന് പറയുന്നു. നിങ്ങൾ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ, 2 ഗ്രാം സ്വർണ്ണം സമ്മാനമായി നൽകും എന്നാണ് ഇവർ പറയുന്നത്. അത് കൂടാതെ നിങ്ങളുടെ 1 ലക്ഷം രൂപ, 2 ലക്ഷം രൂപയായി ഒരു വർഷത്തിനുള്ളിൽ തിരികെ നൽകും.
കണ്ണൂർ കേന്ദ്രീകരിച്ചാണ് കേരളത്തിലെ പ്രവർത്തനം ഇവർ ആരംഭിച്ചിരിക്കുന്നത്. പറശ്ശനികടവ് കേന്ദ്രീകരിച്ച് നടത്തിയ ഹൌസ് ബോട്ട് മീറ്റിംഗിൽ കഴിഞ്ഞ ആഴ്ച കേരളത്തിലെ നിരവധി പേർ പങ്കെടുത്തിരുന്നു. എല്ലാവരും മണിച്ചെയിൻ നടത്തി നല്ല തഴക്കവും പഴക്കവും ഉള്ള ആളുകൾ തന്നെയാണ്.
സ്വർണ്ണകച്ചവടമായി പുലബന്ധം പോലുമില്ലാത്ത ഇവർ, Reino ഗോൾഡ് സ്വർണ്ണ സാമ്പാദ്യ പദ്ധതി എന്നുള്ള പേരിലാണ് പണപിരിവ് നടത്തുന്നത്. എന്നാൽ സ്വർണ്ണ ബിസിനസുമായി ബന്ധമുള്ള ഒരു കടയോ, സർട്ടിഫിക്കറ്റോ ഒന്നും തന്നെ ഈ കമ്പനിക്കില്ല. ഇതിലുള്ള പാർട്ണർ ഒരു ഡമ്മിയാണെന്ന് മുതലാളി തന്നെ പലയിടത്തും പറഞ്ഞിട്ടുമുണ്ട്. ചേർത്തല കേന്ദ്രീകച്ച് നേരത്തെ ഹോംസ്റ്റേ നടത്തി വരികയായിരുന്നു ഇതിന്റെ മുതലാളി.
ഇപ്പോൾ തന്നെ തനിക്ക് ഏതാണ്ട് 600 കോടിയുടെ ആസ്തി ഉണ്ടെന്നും, അടുത്തവർഷം തമിഴ്നാട്ടിലെ ഏറ്റവും വലിയ പണക്കാരൻ താൻ ആയിരിക്കുമെന്നും ആണ്, ഈ സ്കീമിൽ പണം ഇടാൻ വരുന്നവരോട് ഇയാൾ പറയുന്നത്.
ഹൈ റിച്ചിന് സമാനമായ ഒരു സൂപ്പർമാർക്കറ്റ് തട്ടിപ്പാണ് reino ഗോൾഡ് അടുത്തതായി ലക്ഷ്യം വക്കുന്നത് എന്നും ഉറപ്പാണ്. ഇതിനായി 100 ലധികം ഷോപ്പുകൾ കൊണ്ട് വരും എന്നാണ് ഇദ്ദേഹത്തിന്റെ അടുത്ത അവകാശവാദം. തമിഴ്നാട്ടിൽ കുപ്രസിദ്ധ ഗുണ്ടയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ്, ഇൻവെസ്റ്റ്മെന്റ് ചെയ്യാൻ വരുന്ന വ്യക്തികളെ ഭയപ്പെടുത്തി കൂടെ നിർത്താനും ഇയാൾ ശ്രമിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഒരു പ്രമുഖ ബാങ്ക് അവരുടെ പണം തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ടുണ്ട് എന്നൊക്കെയാണ് ഇദ്ദേഹം തട്ടിവിടുന്നത്.
കണ്ണൂർ കേന്ദ്രീകരിച്ച ഒരു ലോബിയാണ് ഇയാൾക്ക് ഇപ്പോൾ എല്ലാ ഒത്തശയും ചെയ്തു കൊടുക്കുന്നത്. അധികാരികൾ ഇപ്പോൾ ശ്രദ്ധിച്ചാൽ മറ്റൊരു ഹൈറിച്ച് ദുരന്തം തടയാനാകും. പകുതി വില സ്കൂട്ടർ തട്ടിപ്പു കണ്ടിട്ടും, ഹൈറിച്ച് തട്ടിപ്പ് കണ്ടിട്ടും മലയാളികൾ പഠിച്ചിട്ടില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത് .
എളുപ്പമാർഗത്തിൽ പണം ഉണ്ടാക്കുക എന്നത് നടക്കുന്ന കാര്യമല്ല. വെറുതെ ഇങ്ങനെ ഗോൾഡ് ഹൈറിച്ച് പോലുള്ളതിൽ പണം കിട്ടുമെങ്കിൽ, ഇവരൊക്കെ ഇവരുടെ ബന്ധുക്കളെയും, കൂട്ടുകാരെയും മാത്രമേ അതിൽ ചേർക്കുകയുള്ളൂ. ഇത്തരം ബിസിനസ് വലുതാകുന്നത് കൂടുതൽ ആളുകളിലേക്ക് എത്തുമ്പോളാണ്. അങ്ങനെ ആ ചെയിൻ വലുതാകുമ്പോൾ, പുതിയ ആളുകൾക്ക് വരുമാനം കൊടുക്കാൻ പറ്റാതെ വരും. അപ്പോളാണ് ഈ ചങ്ങല പൊട്ടുന്നതും മുതാലാളി ജയിലിൽ പോകുന്നതും. പിന്നീട് കരച്ചിലും തെറിവിളിയും ആത്മഹത്യ ഭീഷണിയും ഒക്കെ വരും. അതുകൊണ്ട് ഇത്തരം കുറുക്കുവഴികളിലൂടെ പോകാതെയിരിക്കുക. ഇത്തരം മണിച്ചെയിനുകളും, ഗോൾഡ് ഇടപാടുകളും ഒരുകാലത്തും നിലനിന്ന ചരിത്രമില്ല. കള്ളം പുറത്താകുമ്പോൾ ഇത് പൊട്ടും, അല്ലെങ്കിൽ പുതിയ ഇരകളെ കിട്ടാതെ വരുമ്പോൾ പൊട്ടും. എന്തായാലും ആദ്യം ചേർന്ന കുറച്ച് പേരുടെ ഒഴികെ എല്ലാവരുടെയും പണം പോകുകയും ചെയ്യും. ആ പണമാണ് മുതലാളിമാരുടെയും എഎം ലീഡർമാരുടെയും കയ്യിലേക്ക് എത്തുന്നത്.