ക്ഷേമ പെന്ഷന് തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ്
ക്ഷേമ പെന്ഷന് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്കി. 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ഇവര്‍ 22,600 മുതല്‍ 86,000 രൂപ വരെ തിരിച്ചടയ്ക്കണമെന്നാണ് കണക്കാക്കപ്പെടുന്നത്.
പൊതുഭരണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായ ആറു ജീവനക്കാരാണ് അനധികൃതമായി ക്ഷേമപെന്ഷന് കൈപ്പറ്റിയിരുന്നതായി കണ്ടെത്തിയത്. ഇങ്ങനെ ക്ഷേമ പെന്ഷന് കൈപ്പറ്റിയവരെ പിരിച്ചു വിടണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ് ഉള്ളത്.
ആദ്യഘട്ട നടപടി എന്ന നിലയിലാണ് അനധികൃതമായി കൈപ്പറ്റിയ തുകയും 18 ശതമാനം പലിശയും കൂടി തിരിച്ചടയ്ക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. പണം സര്‍ക്കാരിന് തിരികെ ലഭിച്ചശേഷം, ഇവരെ പിരിച്ചുവിടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് നിലവിലെ ധാരണ.