കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്ന്ന് എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ നിയമിച്ചു. ഈ വിഭാഗത്തിൽ ഇന്ന് രാജ്യത്തുള്ള ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് എ. ടി. രാജാമണി പ്രഭു.ആർ അശ്വിൻ അടക്കമുള്ള ഇന്ത്യൻ താരങ്ങളുടെ കരിയറിൽ നിർണ്ണായക സ്വാധിനം ചെലുത്തിയിട്ടുള്ള രാജാമണി, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
കെസിഎല്ലിൻ്റെ രണ്ടാം സീസണിലൂടെ ശക്തമായൊരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഇതിൻ്റെ ഭാഗമായാണ് എ ടി രാജാമണിയുടെ നിയമനം.അദ്ദേഹത്തിലൂടെ ടീമിൽ പുതിയൊരു ഫിറ്റ്നസ് സംസ്കാരം വളർത്തിയെടുക്കാൻ കഴിയുമെന്നാണ് കൊച്ചി മാനേജ്മെൻ്റിൻ്റെ പ്രതീക്ഷ. ടീമിൻ്റെ മാസ്റ്റർമൈൻഡും, മെൻ്ററും, ഗെയിം ചെയ്ഞ്ചറുമായി രാജാമണി എത്തുന്നു എന്നാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് പങ്കുവച്ച വീഡീയിയോയിലുള്ളത്.
ശാസ്ത്രീയ വ്യായാമ മുറകളിലൂടെ ടീമംഗങ്ങളുടെ കായിക ശേഷി മെച്ചപ്പെടുത്തുന്നതിൽ ഏറെ വൈദഗ്ധ്യമുള്ളയാണ് രാജാമണി. ഈ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള പരിശീലകനാണ് അദ്ദേഹം. ഓരോ താരത്തിൻ്റെയും ശാരീരികയും മാനസികവുമായ പ്രത്യേകതകൾ കണ്ടെത്തി അവർക്ക് അനുയോജ്യമായ പരിശീലനം നല്കുകയാണ് എ ടി രാജാമണിയുടെ രീതി. അദ്ദേഹവുമൊത്തുള്ള പരിശീലനം തൻ്റെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാക്കിയതായി ആർ അശ്വിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അശ്വിന് പുറമെ മുഹമ്മദ് സിറാജ്, എസ് ബദരീനാഥ്, എൽ ബാലാജി തുടങ്ങിയ താരങ്ങളെയും രാജാമണി പരിശീലിപ്പിച്ചിട്ടുണ്ട്. ബിസിസിഐയുടെ ചെന്നൈയിലെ സ്പെഷ്യലിസ്റ്റ് അക്കാദമിക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സീസൺ അടുത്തെത്തി നില്ക്കെ കടുത്ത പരിശീലനത്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ടീമിൻ്റെ ക്യാപ്റ്റനായി സാലി വിശ്വനാഥിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സഞ്ജു സാംസനും വിനൂപ് മനോഹരനും അഖിൻ സത്താറുമടക്കം ശക്തമായൊരു ടീമാണ് ഇത്തവണ കൊച്ചിയുടേത്.