നല്ലൊരു ഷൂ ഇല്ലാതെ, ജാവലിൻ ഇല്ലാതെ സ്വർണ്ണത്തിലേക്ക് കുതിച്ച അർഷാദ്; അർഷാദ് മകനെപ്പോലെയെന്ന് നീരജിൻറെ അമ്മ
2023 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നമ്മൾ കണ്ടത് പാകിസ്താനിലെ അർഷാദ് നദീമിന്റെയും ഇന്ത്യയുടെ നീരജ് ചോപ്രയുടെയും ഇഞ്ചോടിഞ്ചുള്ള മറ്റൊരു പോരാട്ടത്തിനായിരുന്നു. അന്ന് 35 സെന്റി മീറ്റർ ദൂരത്തിലായിരുന്നു അർഷാദ് പിന്നിലായത്. നീരജിനൊപ്പം ഇന്ത്യയുടെ ത്രിവർണ പതാകയ്ക്ക് കീഴില്‍ നിന്നതിനും നീരജിന്റെ ജാവലിൻ പരിശീലനത്തിന് ഉപയോഗിച്ചതിനും സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അന്ന് അർഷാദ് ഇരയായിരുന്നു.
ജാവലിൻ ത്രോയില്‍ ലോകത്തിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലുണ്ടായിട്ടും അന്താരാഷ്ട്ര നിലവാരത്തിലുള്ള ജാവലിൻ ഇല്ലാതെയാണ് അർഷാദ് ഇത്തവണ ഒളിമ്പിക്സിന് എത്തിയത്. ഒളിമ്പിക്സിന് മാസങ്ങള്‍ക്ക് മുൻപായിരുന്നു, താനുപയോഗിക്കുന്ന ജാവലിൻ തകരാറിലായ കാര്യവും പരിശീലകനോടും ദേശീയ കായിക ഫെഡറേഷനോടും പുതിയ ജാവലിനായി അഭ്യർഥിച്ച കാര്യവും അർഷാദ് തുറന്ന് പറയുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഒരു താരമായിട്ടും അയാൾക്ക് സ്പോൺസർമാർ ഉണ്ടായിരുന്നില്ല. അർഹിച്ചതൊന്നും അർഷാദിന് ഒരിക്കലും കിട്ടിയതുമില്ല.
ഈ ഒളിമ്പിക്സിൽ ഏറ്റവും മോശം സാഹചര്യത്തിൽ പരിശീലനം നടത്തേണ്ടി വന്നിട്ടുള്ളത് അർഷദിനാണ്. മറ്റുള്ളവർ ഏറ്റവും മികച്ച സ്റേഡിയങ്ങളിൽ പരിശീലനം നടത്തുമ്പോൾ, തൻ്റെ വീടിൻ്റെ പുറകിലുള്ള ഒഴിഞ്ഞ പറമ്പിലാണ് അർഷദ് പരിശീലനം നടത്തിയത്. ആ ഗ്രാമത്തിലുള്ളവർ മനസ്സറിഞ്ഞു നൽകിയ സംഭാവനകൾ ആണ് അയാളെ മുന്നോട്ട് നയിച്ചത്. നല്ലൊരു ഷൂ പോലുമില്ലാതെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ നിൽക്കുന്ന അർഷാദ് ഒരു സങ്കടകാഴ്ച തന്നെയാണ്.
ഒടുവില്‍ ഇപ്പോൾ പാരീസ് സ്വപ്ന നഗരം അർഷാദിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകൾ നൽകി. ആദ്യ ത്രോയ്ക്കെത്തിയ അർഷാദിൻറെ റണ്ണപ്പ് തെറ്റി. ആദ്യ ത്രോയുടെ രണ്ടാം ശ്രമത്തിനായി 20 സെക്കൻഡ് മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ അത് ഫൗളായും മാറി. രണ്ടാം ത്രോ പാകിസ്താന്റെ 32 വർഷത്തെ മെഡല്‍ വരള്‍ച്ചയ്ക്ക് കൂടിയായിരുന്നു അന്ത്യം കുറിച്ചത്. ആ ജാവലിൻ 92 മീറ്റർ അപ്പുറത്തേക്ക് പറന്നിറങ്ങി. പാകിസ്താൻ നേടുന്ന ആദ്യ വ്യക്തിഗത സ്വർണവും അർഷാദിന്റെ പേരിലായി. മണിക്കൂറില്‍ 110 കിലോ മീറ്റർ വേഗതയായിരുന്നു അർഷാദിന്റെ ആ ഏറിന്.. ഒളിമ്പിക്സ് ഫൈനലില്‍ 90 മീറ്റർ താണ്ടുന്ന നാലാമത്തെ മാത്രം താരമാണ് അർഷാദ് മാറുകയും ചെയ്തു . തന്റെ അവസാന ശ്രമത്തിലും 90 മീറ്റർ മറികടക്കാൻ അർഷാദിനായി, 91.79 മീറ്റർ. ഇനി അർഷാദിനെ തേടി സ്പോണ്സര്മാരെത്തും.. കായിക ലോകത്തെ വമ്പന്മാർ , അവഗണിച്ചവർ എല്ലാവരും അയാളെ ചേർത്തു നിർത്തും. ലോക ചാമ്പ്യൻഷിപ്പിൽ അന്ന് സ്വർണ്ണം നേടിയ നീരജ് ചോപ്രക്ക് ഇത്തവണ വെള്ളി കൊണ്ട് തൃപ്തി പെടേണ്ടി വന്നു. എന്നാൽ അർഷാദിന്റെ അടുത്ത സുഹൃത്തും കൂടിയാണ് നീർജ ചോപ്ര, മാത്രമല്ല പരിശീലനം നടത്താൻ തന്റെ കിറ്റുകൾ അയാൾ അർഷാദിന്റെ കൊടുക്കുകയും ചെയ്തിട്ടുണ്ട്.
*മകൻ നീരജ് ചോപ്രയുടെ വെള്ളി മെഡൽ മാത്രമല്ല, പാക്കിസ്ഥാന്റെ അർഷാദ് നദീമിന്റെ സ്വർണവും എനിക്ക് സന്തോഷം നൽകുന്നതാണ്. നദീം എനിക്ക് മകനെ പോലെയാണ്.” ഇത് പറഞ്ഞത് നീരജ് ചോപ്രയുടെ അമ്മയാണ്. ഇപ്പോൾ മാത്രമല്ല നേരത്തെ പലപ്പോളും അവർ അർഷാദിന്റെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം നടന്ന വേൾഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഒരു ദൃശ്യം പെട്ടെന്ന് ആരും മറക്കില്ല. ജേതാവായ നീരജ് ചോപ്ര ഫോട്ടോകൾക്ക് പോസ് ചെയ്യുമ്പോൾ അർഷാദിനെയും കൂടെ ക്ഷണിച്ചു. അങ്ങനെ നീരജും അർഷാദും ഇന്ത്യയുടെ ത്രിവർണ്ണപതാകയുടെ കീഴിൽ അണിനിരന്നു. രാജ്യത്തിൻറെ അതിർത്തികൾ ഇല്ലാതാക്കിയ ഒരു സൗഹൃദമായിരുന്നു അന്ന് ലോകംകണ്ടത്.