ലൈംഗിക പീഡനം നടത്തുന്ന മഞ്ജുറുള്‍ ഇസ്ലാം എന്ന കോച്ച്; ജഹനാരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ചു
2022 ലെ ലോകകപ്പിനിടെ ലൈംഗികാ അതിക്രമത്തിണ് ഇരയായെന്ന ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീമിൻറെ മുന്‍ ക്യാപ്റ്റന്‍ ജഹനാര ആലത്തിന്റെ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.
മുന്‍ സെലക്ടര്‍ അടക്കം ദേശീയ ടീം മാനേജ്മെന്റിലെ അംഗങ്ങള്‍ക്കെതിരായ ജഹനാരയുടെ ആരോപണം വളരെ ഗൗരവതാരമായും ആത്മാര്‍ഥമായും അന്വേഷിക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം തേടുമെന്നും ബോർഡിന്റെ വനിതാ വിഭാഗം ചെയര്മാന് അബ്ദുര്‍ റസാഖ് പറഞ്ഞു.
ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ ജഹനാര ഉന്നയിച്ച ലൈംഗിക പീഡന ആരോപണം ബംഗ്ലദേശ് കായികമേഖലയെ ആകെ ഉലച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ ആദ്യം അവഗണിച്ചെങ്കിലും എല്ലാ ഭാഗത്ത് നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് അന്വേഷണം നടത്താമെന്ന് ബിസിബി സമ്മതിച്ചത്.
പത്രപ്രവര്ത്തകന് റിയാസാദ് അസിമിന് നല്കിയ യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ജഹനാര ആലം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്. മുന്‍ വനിതാ ടീം സെലക്ടറും മാനേജറുമായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ ദേശീയ ടീം അംഗം കൂടിയായ മഞ്ജുറുള്‍ ഇസ്ലാം, മാനേജ്മെന്റിന്റെ ഭാഗമായിരുന്ന അന്തരിച്ച തൗഹിദ് മഹ്മൂദി, സര്‍ഫറാസ് ബാബു എന്നിവര്‍ക്കെതിരെയായിരുന്നു ജഹനാരയുടെ ആരോപണങ്ങള്‍.
ജഹനാരയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി ബിസിബി അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
ഞങ്ങള്‍ ഗൗരവമായി ഇതിനെ കാണുന്നു. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. വനിതാ താരങ്ങൾ സുരക്ഷിതമായ അന്തരീക്ഷത്തിൽ കളിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കണം. അങ്ങനെയല്ലെങ്കിൽ, ഭാവിയിൽ ക്രിക്കറ്റ് കളിക്കാൻ ആളുകൾക്ക് അവരുടെ പെൺമക്കളെയോ ബന്ധുക്കളെയോ അയയ്ക്കുന്നതിന് വിശ്വാസം നഷ്ടപ്പെടും.’എന്നും അബ്ദുർ റസാഖ് പറഞ്ഞു.
മഞ്ജുരുൾ ഇസ്ലാം തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ജഹനാര ആലത്തിന്റെ ആരോപണം. നിലവിൽ സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരിക്കുന്ന 32 വയസ്സുകാരിയായ താരം, ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്.
മഞ്ജുരുൾ തന്നെ മോശമായ രീതിയിൽ സമീപിച്ചെന്നും വിസമ്മതിച്ചപ്പോൾ അപമര്യാദയായി പെരുമാറാൻ തുടങ്ങിയെന്നും ജഹനാര ആരോപിച്ചു. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തലവനായിരുന്ന അന്തരിച്ച തൗഹിദ് മഹ്മൂദിനെ ‘വേണ്ട പോലെ കാണണമെന്ന്’ ബോർഡിലെ ജീവനക്കാരനായ സർഫറാസ് ബാബു തന്നോട് പറഞ്ഞെന്നും ജഹനാര ആരോപിച്ചു.
മഞ്ജുരുൾ അനുചിതമായ രീതിയിൽ ശരീരത്തിൽ സ്പർശിച്ചെന്നും പ്രോത്സാഹനത്തിന്റെ പേരിൽ പലപ്പോഴും വനിതാ താരങ്ങളെ കെട്ടിപ്പിടിക്കുകയോ നെഞ്ചിൽ അമർത്തുകയോ ചെയ്യുമെന്നും ജഹനാര വെളിപ്പെടുത്തി. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനു കത്തെഴുതി ഇക്കാര്യം പരിശോധിക്കാൻ അപേക്ഷിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും താരം വ്യക്തമാക്കി. ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി പലതവണ തന്റെ പരാതികള്‍ അവഗണിച്ചുവെന്നും ജഹനാര ആരോപിച്ചു. ബംഗ്ലാദേശിനായി 135 വൈറ്റ് ബോൾ മത്സരങ്ങൾ കളിച്ച പേസർ ജഹനാര ആലം, ഏകദിനത്തിൽ 48 വിക്കറ്റുകളും ട്വന്റി20യിൽ 60 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ലോകചാമ്പ്യന്മാരായ നമ്മുടെ പെൺകുട്ടികൾ കൊച്ചിന്റെ നേർക്ക് ഓടിയടുക്കുന്നതും അദ്ദേഹത്തിന്റെ മേലേക്ക് ചാടിക്കയറുന്നതുമെല്ലാം ലോകം കണ്ടതാണ്. ഗുരു സ്ഥാനീയനായ കോച്ച് അവർക്ക് സ്വന്തം പിതാവിനെ പോലെയാണ്. അവർ അയാളുടെ മുന്നിൽ, അയാളുടെ സാമീപ്യത്തിൽ 100 ശതമാനം സുരക്ഷിതരാണ്.
എന്നാൽ ഇവിടെ ജഹനാര പറയുന്നത് പരിശീലന ക്യാമ്പിനിടെ, ഞാൻ പന്തെറിയുമ്പോൾ അദ്ദേഹം അടുത്തു വന്ന് എന്റെ തോളിൽ കൈവെക്കും. പെൺകുട്ടികളെ വലിച്ചടുപ്പിക്കാനും, നെഞ്ചോട് ചേർത്തു നിർത്താനും, ചെവിക്കരികിൽ സംസാരിക്കുകയും ചെയ്യുന്ന ഒരു ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ഒഴിവാക്കുമായിരുന്നു. മത്സരങ്ങൾക്ക് ശേഷം കൈ കൊടുക്കുമ്പോൾ പോലും, അദ്ദേഹം ഞങ്ങളെ വലിച്ചടുപ്പിക്കാതിരിക്കാൻ ദൂരെ നിന്നാണ് ഞങ്ങൾ കൈ നീട്ടിയിരുന്നത് എന്നാണ്.
സ്ത്രീകളെ മൂടി വെക്കാനല്ല, അവർക്ക് സമൂഹത്തിൽ തുല്യ സ്ഥാനം നൽകാനാണ് നമ്മളൊക്കെ ശ്രമിക്കുന്നത്. കടുത്ത മതനിയമങ്ങൾ കൊണ്ട് നടക്കുന്ന ബംഗ്ലാദേശിൽ പക്ഷെ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല എന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ജഹനാരക്ക് വരെ ഇത്തരം മോശം അനുഭവം ഉണ്ടായെങ്കിൽ, കായികരംഗത്തെ മറ്റുള്ള പെൺകുട്ടികളുടെ അവസ്ഥ എത്ര മാത്രം ശോചനീയമായിരിക്കും എന്നും ചിന്തിക്കുക.
ആ രാജ്യത്ത് നിൽക്കുമ്പോൾ ഇത് പറയാൻ കഴിയില്ല എന്ന് ജഹനാരക്ക് നന്നായി അറിയാം. ആ വാർത്ത പുറത്ത് വരില്ലെന്ന് മാത്രമല്ല അവരുടെ ജീവനും അപകടത്തിലാകും. അതുകൊണ്ടാണ് ഇപ്പോൾ ഈ പുറം രാജ്യത്ത് നിന്നും അവർ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.












