ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോര്‍ഡ് തകര്‍ത്ത് അലക്സ് കാരി

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേടി ഒരു റെക്കോര്‍ഡ് സ്വന്തമാക്കി ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്സ് കാരി. മത്സരത്തില്‍ 156 റണ്‍സെടുത്ത അലക്സ് കാരി ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോര്‍ഡ് മറികടന്നു. ഏഷ്യന്‍ പിച്ചില്‍ ഒരു ഓസീസ് വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റെക്കോര്‍ഡാണ് അലക്സ് കാരി സ്വന്തമാക്കിയത്.
ഗില്‍ക്രിസ്റ്റിന്റെ പേരിലായിരുന്നു ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്റെ റെക്കോര്‍ഡ്. ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ ഗില്‍ക്രിസ്റ്റ് 144 റണ്‍സെടുത്തിരുന്നു. ഇതാണ് ഇപ്പോൾ കാരി പിന്നിലാക്കിയത്. ഏഷ്യന്‍ മണ്ണില്‍ 150നു മുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായും കാരി മാറി. ഏഷ്യന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും താരത്തിനുണ്ട്.