ധോണി നീ കാണുന്നുണ്ടോ? നീ ഇല്ലെങ്കിലും ഇന്ത്യ കപ്പടിക്കും! യോഗ്രാജ് കലിപ്പില്‍
മൊഹാലി: ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം.
കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്താനും ഇന്ത്യക്ക് സാധിച്ചു. രോഹിത് ശര്‍മക്ക് കീഴില്‍ ഇത്തവണ വലിയ കിരീട പ്രതീക്ഷ നല്‍കിയാണ് ഇന്ത്യയുടെ മുന്നേറ്റം. നിര്‍ണ്ണായക മത്സരങ്ങളിലെല്ലാം തകര്‍ത്ത് ജയിച്ചതോടെ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലുമാണ്. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
ഇന്ത്യയുടെ സെമിയിലേക്കുള്ള മുന്നേറ്റം ആരാധകര്‍ ആഘോഷമാക്കവെ മുന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്രാജ് സിങ്ങിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിക്കെതിരേയാണ് .യോഗ് രാജ് രംഗത്തെത്തിയത്. എംഎസ് ധോണി ഇല്ലാതെയും ഇന്ത്യക്ക് കപ്പടിക്കാനാവുമെന്ന് ഇത്തവണ തെളിയിക്കപ്പെടുമെന്നും ധോണി അഹങ്കാരിയാണെന്നുമാണ് യോഗ് രാജ് പറയുന്നത്.
‘ ധോണി കാരണമല്ല ഇന്ത്യ ലോകകപ്പ് നേടിയതെന്ന് ലോകം മുഴുവനും പറയുന്നു. ഗൗതം ഗംഭീറും രോഹിത് ശര്‍മയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സിഎസ്കെ ഐപിഎല്‍ 2024ല്‍ തോറ്റു. എന്തുകൊണ്ടാണ് തോറ്റത്?. കാരണം കര്‍മഫലം നിങ്ങളെ പിന്തുടരും. യുവരാജ് സിങ് ഐസിസി അംബാസഡറാണ്. അവനെ അഭിനന്ദിക്കുന്നു. എന്നാല്‍ അഹങ്കാരിയും അസൂയാലുവുമായ ധോണി എവിടെ? യുവരാജിന് ഹസ്തദാനം ചെയ്യാന്‍ പോലും ധോണി തയ്യാറായിട്ടില്ല.
അതുകൊണ്ടാണ് സിഎസ്കെ ഇത്തവണ കപ്പിലേക്കെത്താതെ പോയത്’ വീഡിയോയിലൂടെ യോഗ്രാജ് പറഞ്ഞു. ധോണിക്ക് കീഴിലാണ് ഇന്ത്യ മൂന്ന് ഐസിസി ട്രോഫി നേടിയത്. 2007ലെ ടി20 ലോകകപ്പില്‍ തുടങ്ങിയ ധോണിയുടെ കിരീട നേട്ടം 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയുടെ അലമാരയിലെത്തിച്ചു. 2013ലെ ചാമ്ബ്യന്‍സ് ട്രോഫി കിരീടവും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്ക് ഐസിസി ട്രോഫി നേടിക്കൊടുത്ത ഏക നായകനാണ് ധോണി.
എന്നാല്‍ ഇന്ത്യ 2007ലും 2011ലും ഐസിസി ട്രോഫി നേടിയപ്പോള്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായത് യുവരാജ് സിങ്ങിന്റെ പ്രകടനമായിരുന്നു. 2007ലെ ടി20 ലോകകപ്പ് സെമിയില്‍ യുവിയുടെ വെടിക്കെട്ട് പ്രകടനം ആരും മറക്കില്ല. 2011ലെ ഏകദിന ലോകകപ്പില്‍ യുവിയുടെ ഓള്‍റൗണ്ട് ഷോയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ടൂര്‍ണമെന്റിലെ താരമായതും യുവരാജായിരുന്നു. എന്നാല്‍ എല്ലാ പ്രശംസയും ധോണിക്കായിരുന്നു.
യുവരാജിനും ഗംഭീറിനുമൊന്നും അര്‍ഹിച്ച ബഹുമാനം ലഭിച്ചില്ല. ധോണി ഒറ്റക്ക് ഇന്ത്യയെ കിരീടത്തിലേക്ക് എത്തിച്ചുവെന്ന തരത്തില്‍ എല്ലാ പ്രശംസയും ധോണിയിലേക്ക് പോയതില്‍ യോഗ് രാജ് നേരത്തെ തന്നെ എതിര്‍പ്പ് വ്യക്തമാക്കിയതാണ്. ധോണിയാണ് യുവരാജിനെ ഒതുക്കിയതും കരിയറിന്റെ നിര്‍ണ്ണായക സമയത്ത് പിന്തുണച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ധോണി അടുത്ത സുഹൃത്തല്ലെന്ന് യുവരാജും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് യോഗ് രാജ് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യ സമീപകാലത്ത് നടന്ന മിക്ക ഐസിസി ടൂര്‍ണമെന്റുകളിലും സെമിയിലും ഫൈനലിലുമടക്കം എത്തിയിരുന്നു. എന്നാല്‍ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അവസാന ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് പുറത്തായത്. ഇത്തവണയും ഇംഗ്ലണ്ടാണ് സെമിയിലെ എതിരാളികള്‍.
ഇന്ത്യ നോക്കൗട്ട് മത്സരങ്ങളില്‍ പതറുന്നത് സമീപകാലത്തായി സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ധോണിയുടെ കാലത്ത് ഇന്ത്യ ഇത്തരം നോക്കൗട്ട് മത്സരങ്ങള്‍ ജയിച്ചിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. തോറ്റെന്ന് കരുതിയ മത്സരങ്ങള്‍ പോലും വിജയത്തിലേക്കെത്തിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ മറ്റ് നായകന്മാര്ക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പ് കിരീടത്തിലേക്കെത്തുമോയെന്നത് കണ്ടറിയാം.