കോലി അഞ്ച് വര്‍ഷം ഇനിയും കളിക്കും; വിരമിക്കില്ലെന്ന സൂചന നല്കി ബാല്യകാല കോച്ച്
ആര് അശ്വിന് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ പടിയിറങ്ങിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ബ്രിസ്ബെയ്ന്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ആര് അശ്വിന്റെ അപ്രതീക്ഷിക വിരമിക്കല്‍ പ്രഖ്യാപനം. 39 വയസ്സിലേക്ക് അടുക്കുന്ന അശ്വിനോട് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടുവെന്നും ഇതോടെയാണ് രണ്ട് ടെസ്റ്റുകള്‍ ശേഷിക്കേ, പരമ്പരയ്ക്കിടെ തന്നെ അശ്വിന് വിരമിച്ചതെന്നും ചില സൂചനകളുണ്ട്.
വരും നാളുകളില്‍ അശ്വിന്റെ വഴിയേ കൂടുതല്‍ സീനിയര്‍ താരങ്ങള്‍ ടീം വിടേണ്ടിവരുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാലിപ്പോള്‍ വിരാട് കോലിയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തെ ബാല്യകാല കോച്ച് രാജ്കുമാര് ശര്‍മ. അടുത്ത അഞ്ച് വര്‍ഷം കോലി ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”കോലി എപ്പോഴും ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്ന താരമാണ്. ടീമിനുവേണ്ടി പരമാവധി നല്കുന്ന കോലി പ്രതിസന്ധി ഘട്ടത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തും. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയില്‍ രണ്ട് സെഞ്ച്വറികൂടി നേടാന്‍ കോലിക്ക് കഴിയും. 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ആരാധകര്‍ക്ക് കോലിയെ കാണാന്‍ കഴിയും.” രാജ്കുമാര് പറഞ്ഞു.
എന്നാൽ ഓസ്ത്രേലിയയിൽ കോലിയും രോഹിത് ശര്‍മയും റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയാണ്. അടുത്ത വര്‍ഷം ജൂണ്‍-ജൂലൈയില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി കൂടുതല്‍ സീനിയര്‍ താരങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകും. ഓസ്ട്രേലിയക്കെതിരായ പരമ്പര കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ജൂണില്‍ മാത്രമെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ഉള്ളൂവെന്നതിനാല്‍ അടുത്ത രണ്ട് ടെസ്റ്റുകളിലെ പ്രകടനമാകും ഇവരുടെ ടെസ്റ്റ് കരിയര്‍ നീട്ടുന്നതില്‍ നിര്‍ണായകമാകുക.