സിഡ്നി ടെസ്റ്റിന് ശേഷം രോഹിത് ശര്‍മ വിരമിച്ചേക്കും; ബിസിസിഐ പ്രതിനിധികള്‍ രോഹിത്തിന്റെ കാര്യം ചര്‍ച്ച ചെയ്തു
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന സിഡ്നി ടെസ്റ്റിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇക്കാര്യത്തില്‍ രോഹിത് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ലോര്‍ഡ്സില്‍ കളിച്ച് വിരമിക്കാനായിരുന്നു രോഹിത്തിന്റെ പദ്ധതി. ഇനി ഫൈനലിന് യോഗ്യത നേടാനുള്ള സാധ്യത വിരളമാണ്. അതിന് ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്നി ടെസ്റ്റ് ജയിച്ചാല്‍ മാത്രം മതിയാവില്ല. ഓസ്ട്രേലിയ, ഇനി വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും ജയിക്കാതിരിക്കണം. അതിന് അത്ഭുതങ്ങള്‍ സംഭവിക്കണം.
അതുകൊണ്ടുതന്നെ സിഡ്നിയില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റ് രോഹിത്തിന്റെ അവസാനത്തേതായിരിക്കും. ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് പിന്നാലെ ഏകദിനത്തില്‍ നിന്നും രോഹിത് വിരമിക്കുമെന്നാണറിയുന്നത്. ടി20 ലോകകപ്പ് നേടിയ ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു രോഹിത്. രോഹിത്തിന്റെ കാര്യം ബിസിസിഐ പ്രതിനിധികള്‍ ഗൗരവമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുകയാണെങ്കില്‍ അതുവരെ കളിക്കണമെന്ന ആവശ്യം രോഹിത് സെലക്റ്റര്‍മാര്‍ക്ക് മുന്നില്‍ വെക്കും.