ബംഗ്ളാദേശ് താരത്തെ ഐപിഎല്ലിൽ കളിപ്പിക്കില്ലെന്ന് ഷാരൂഖ് ഖാൻ; ഇന്ത്യയിൽ ടി 20 ലോകകപ്പ് കളിക്കാനില്ലെന്നും, ഐപിഎൽ സംപ്രേഷണം രാജ്യത്ത് തടയുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒമ്പത് കോടി ഇരുപത് ലക്ഷം രൂപ മുടക്കി ലേലത്തിൽ വിളിച്ചെടുത്ത ബംഗ്ലാദേശ് ഇടങ്കയ്യൻ പേസ് ബൗളറായ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് താരത്തിന് എതിരായ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുസ്ത ഫിസുറിനെ ടീമിൽനിന്ന് ഒഴിവാക്കാൻ കൊൽക്കത്ത ടീമിനോട് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.
നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതേ തുടർന്ന് മിനി താരലേലത്തിൽ കെകെആറിൽ എത്തിച്ച മുസ്തഫിസുർ റഹ്മാനെ വരുന്ന സീസണിൽ കളിപ്പിക്കില്ലെന്ന് ഉടമ ഷാരൂഖ് ഖാനും വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ഇന്ത്യ ആതിഥേയരാകുന്ന ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങളുടെ വേദികൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കളിക്കാരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയെ തുടർന്നാണ് മത്സരവേദി മാറ്റണമെന്ന് ബിസിബി ആവശ്യപ്പെടുന്നത്. വിഷയം ചർച്ച ചെയ്യാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അടിയന്തര യോഗം വിളിച്ചിരുന്നു. എന്നാൽ യോഗത്തിൻ്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവയ്ക്കാൻ ബിസിബി അധ്യക്ഷൻ തയ്യാറായിട്ടില്ല.
ടി20 ലോകകപ്പിൽ നാല് ലീഗ് മത്സരങ്ങളാണ് ബംഗ്ലാദേശ് കളിക്കുന്നത്. കൊൽക്കത്തയിൽ മൂന്ന് മത്സരങ്ങളും മുംബൈയിൽ ഒരു മത്സരവുമാണ് കളിക്കേണ്ടത്. ടൂർണമെന്റ് തുടങ്ങൽ ഇനി ഒരു മാസം മാത്രമുള്ളപ്പോൾ ഈ വേദി മാറ്റം നടക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ തറപ്പിച്ചു പറയുന്നത്.
കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയും ഇറ്റലിക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ബംഗ്ലാദേശിന് മത്സരമുണ്ട്. മുംബൈയിൽ നേപ്പാളിനെതിരെയും ഒരു മത്സരമുണ്ട്. ഇവ നാലുമാണ് വേദി മാറ്റേണ്ടി വരുന്നത്.
ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്ത ഫിസുർ റഹ്മാനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ബിസിബി സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ശനിയാഴ്ച്ച നടന്ന ബിസിബി ബോർഡ് ഡയറക്ടർമാരുടെ അടിയന്തര യോഗത്തിനുശേഷം മീഡിയ കമ്മിറ്റി ചെയർമാൻ അംജദ് ഹുസൈനാണ് ഇക്കാര്യ വ്യക്തമാക്കിയത്.
‘മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കൻ ബിസിസിഐ കൊൽക്കത്ത ടീമിനോട് ആവശ്യപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഞങ്ങൾക്ക് ആദ്യ മൂന്ന് മത്സരങ്ങൾ കൊൽക്കത്തയിലാണ് കളിക്കേണ്ടത്. അതിനാൽ കളിക്കാരുടെ സുരക്ഷയെ കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഐസിസിക്ക് കത്തെഴുതും എന്നും അംജദ് ഹുസൈൻ പറഞ്ഞു.
ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് അസ്ഫ് നസ്രുലും ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. ‘മുഴുവൻ കാര്യങ്ങളും ഐസിസിയോട് വിശദീകരിക്കാൻ ഞാൻ ബിസിബിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ കരാറുള്ള ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് കളിക്കാൻ കഴിയുന്നില്ലെങ്കിൽ മുഴുവൻ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനും ലോകകപ്പിൽ സുരക്ഷിതമായി കളിക്കാൻ കഴിയില്ലെന്ന് ബോർഡ് അറിയിക്കണം. ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താൻ അഭ്യർഥിക്കാനും ഞാൻ ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.’ എന്നാണ് അസഫ് നസ്രുലിന്റെ കുറിപ്പിൽ പറയുന്നത്.
അസഫ് നസ്രുൾ അല്പം കൂടെ കടന്ന നടപടിയിലേക്കും നീങ്ങിയിട്ടുണ്ട്. ബംഗ്ലാദേശിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് അഭ്യർഥിച്ചതായാണ് നസ്രുൽ പറയുന്നത്.
ഇതേ ബംഗ്ലാദേശ് താരം നേരത്തെയും ഐപിഎൽ കളിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് എതിരെ അക്രമങ്ങൾ വ്യാപകമായി നടക്കുന്നു എന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്ത് വന്നത്.
എന്നാൽ ബംഗ്ലാദേശ് താരത്തിന് നേരെയല്ല, കൊൽക്കൊത്ത ടീം ഉടമ ഷാറുഖ് ഖാനെതിരെയാണ് പ്രധാനമായും പ്രതിഷേധങ്ങളും ഭീഷണിയും ഉണ്ടായത്. ഷാരൂഖ് ഖാന്റെ നാവ് അറിയുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകുമെന്നും, ഷാരൂഖിനെ ബംഗ്ലാദേശിലേക്ക് നാട് കടത്തണമെന്നും വരെ ഈ സംഘടനകൾ പ്രസ്താവന ഇറക്കിയിരുന്നു.













