മുറിയിലെത്തി കടന്നുപിടിച്ചു; ഭാര്യയായിരിക്കണമെന്ന് പറഞ്ഞു; വഴങ്ങിയില്ലെങ്കിൽ കരിയർ തകർക്കുമെന്ന് ഭീഷണി: ദേശീയ സൈക്ലിസ്റ്റ് ടീം കോച്ചിനെതിരെ ഗുരുതര ആരോപണങ്ങളുമായി വനിതാ കായിക താരത്തിൻ്റെ പരാതി
ദേശീയ സൈക്ലിസ്റ്റ് ടീം കോച്ചിനെതിരെ ലൈംഗികാതിക്രമത്തിനും മാനസിക പീഡനത്തിനും പരാതി നൽകി വനിതാ കായികതാരം. ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ ആർകെ ശർമ (RK Sharma) തന്നെ കടന്നുപിടിക്കുകയും ലൈംഗികബന്ധത്തിന് നിർബ്ബന്ധിക്കുകയും ചെയ്തതായാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (Sports Authority of India -SAI) യ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാസം സ്ലൊവേനിയയിൽ നടന്ന ഒരു ക്യാമ്പിനിടെയാണ് കോച്ചിൻ്റെ അതിക്രമം. ഇമെയിലായി ലഭിച്ച പരാതിയെത്തുടർന്ന് കായികതാരത്തെ അടിയന്തിരമായി നാട്ടിലെത്തിച്ചെന്ന് സായി അറിയിച്ചു.
ക്യാമ്പിലെ താമസത്തിനിടെ തൻ്റെ മുറിയിലേയ്ക്ക് അതിക്രമിച്ച് കടന്ന ആർകെ ശർമ, ““പരിശീലനത്തിന് ശേഷമുള്ള മസാജ്” വാഗ്ദാനം ചെയ്യുകയും തന്നെ കടന്നുപിടിക്കുകയും ചെയ്തു. അയാളോടൊപ്പം കിടക്ക പങ്കിടാൻ തന്നെ നിർബ്ബന്ധിക്കുകയും ചെയ്തതായി സായിയ്ക്ക് അയച്ച ഇമെയിൽ പരാതിയിൽ കായികതാരം പറയുന്നു.
തന്നെ ഭാര്യയാക്കാൻ ആഗ്രഹമുണ്ടെന്ന് കോച്ച് പറഞ്ഞു. അതിനെ താൻ എതിർത്തപ്പോൾ നാഷണൽ സെൻ്റർ ഫോർ എക്സലൻസിൽ നിന്നും പുറത്താക്കുമെന്നും അതുവഴി തൻ്റെ കരിയർ നശിപ്പിക്കുമെന്നും കോച്ച് ഭീഷണിപ്പെടുത്തി. റോഡിൽ പച്ചക്കറിവിറ്റ് ജീവിക്കുന്ന നിലയിലേയ്ക്ക് തന്നെ എത്തിക്കുമെന്നായിരുന്നു ഭീഷണിയെന്നും പരാതിയിൽപ്പറയുന്നു.
കോച്ചിൻ്റെ അതിക്രമങ്ങൾ സഹിക്കാനാകാതെ നാട്ടിലേയ്ക്ക് മടങ്ങാൻ താൻ തീരുമാനിച്ചു. ഉടൻ തന്നെ കോച്ച് തൻ്റെ മാതാപിതാക്കളെ വിളിച്ച് തനിക്ക് കായികരംഗത്ത് ഇനി ഭാവിയില്ലെന്നും തന്നെ വിവാഹം കഴിപ്പിച്ചയയ്ക്കണമെന്നും പറഞ്ഞതായി പരാതിക്കാരി ആരോപിക്കുന്നു.
തിങ്കളാഴ്ചയാണ് വനിതാ കായികതാരത്തിൻ്റെ പരാതി പുറത്തുവരുന്നത്. പരാതിക്കാരിയുടെ സുരക്ഷ പരിഗണിച്ച് അവരെ അടിയന്തിരമായി നാട്ടിലെത്തിച്ചതായി സായി പത്രക്കുറിപ്പിലൂടെ അറിയിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ഒരു സമിതിയെ നിയോഗിച്ചെന്നും അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. പരാതിക്കാരിക്കൊപ്പം നിൽക്കുമെന്ന് സൈക്ലിംഗ് ഫെഡെറേഷൻ ഓഫ് ഇന്ത്യ(Cycling Federation of India -CFI)യും പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ആർകെ ശർമ മറ്റ് ടീമംഗങ്ങളോടൊപ്പം സ്ലൊവേനിയയിൽത്തന്നെയാണുള്ളത്. ഈ മാസം നടക്കാനിരിക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനായുള്ള പരിശീലനത്തിനാണ് ടീം സ്ലൊവേനിയയിൽ പോയത്. ജൂൺ 14-ന് ഇവർ തിരിച്ച് നാട്ടിലെത്തും.
Content Highlight: Cyclist complaints against Coach, Sports Authority of India, RK Sharma, Cycling Federation of India, Sexual Harassment