മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനും പരിശീലകനുമായിരുന്ന ബോബ് സിംപ്സണ് അന്തരിച്ചു

ഓസ്ട്രേലിയന്‍ ഇതിഹാസ താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്സണ്(89) അന്തരിച്ചു.1957നും 1978നുമിടയിൽ ഓസ്ട്രേലിയക്കായി കളിച്ച സിംപ്സണ് ഓസ്ട്രേലിയൻ ടീമിന്റെ മുൻ ക്യാപ്റ്റനും പൂര്‍ണസമയ പരിശീലകനാവുന്ന ആദ്യ കോച്ചുമാണ്. ഓസ്ട്രേലിയക്കായി ഓപ്പണറായി 62 ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കളിച്ച സിംപ്സണ് ടെസ്റ്റിൽ 10 സെഞ്ചുറികളും 27 അർധസെഞ്ചുറികളും ഉള്‍പ്പെടെ 46.81 ശരാശരിയില്‍ 4869 റൺസും 71 വിക്കറ്റുകളും നേടിയിട്ടുണ്ട്. 311 റൺസ് ആണ് ടെസ്റ്റിലെ അദ്ദേഹത്തിൻറെ ഉയർന്ന സ്കോർ. 39 ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിക്കുകയും ചെയ്തു.
കെറി പാക്കർ സീരീസിന്റെ സമയത്ത് വിരമിക്കൽ തീരുമാനം പിൻവലിച്ച്, 41-ാം വയസിൽ ഓസീസ് നായകനായി തിരിച്ചെത്തിയ സിംപ്സണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ലിപ് ഫീൽഡർമാരിൽ ഒരാളും ഓഫ് സ്പിന്നറുമായിരുന്നു. ടെസ്റ്റില്‍ 110 ക്യാച്ചുകളാണ് സിംപ്സണ് കൈയിലൊതുക്കിയത്. ഓസ്ട്രേലിയൻ ക്രിക്കറ്റിനെ സുവർണകാലത്തേക്ക് നയിച്ച പരിശീലകനെന്ന നിലയിലും സിംപ്സണ് ഓര്‍മിക്കപ്പെടും. 1986 മുതല്‍ 1996വരെയാണ് സിംപ്സണ് ഓസ്ട്രേലിയന്‍ പരിശീലകനായിരുന്നത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് പ്രതാപകാലത്തിലേക്ക് മടങ്ങിയത് സിംപ്സണ് പരിശീലകനായിരുന്ന കാലത്താണ്.
1989ൽ ഇംഗ്ലണ്ടിലെ ആഷസ് പരമ്പര ജയവും 1995ൽ വെസ്റ്റ് ഇൻഡീസിലെ ടെസ്റ്റ് പരമ്പര ജയവും സിംപ്സന്റെ പ്രധാന നേട്ടങ്ങളാണ്.