ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 4 വിക്കറ്റ് വിജയം

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് എന്ന വിജയ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 4 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 251 റണ്‍സ് കണ്ടെത്തിയാണ് വിജയം പിടിച്ചത്.
വിജയ ലക്ഷ്യമായ 249 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് സ്കോർ 19 റണ്‍സില്‍ നില്‍ക്കെ അടുത്തടുത്ത ഓവറുകളില്‍ ഓപ്പണര്‍മാരെ നഷ്ടമായി. ഇന്ത്യയെ പിന്നീട് ശ്രേയസ് അയ്യര്‍- ശുഭ്മാന്‍ ഗില്‍ സഖ്യവും പിന്നാലെ ഗില്‍- അക്ഷര്‍ പട്ടേല്‍ സഖ്യവും ചേര്‍ന്നു കരകയറ്റി.
ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ ജയത്തിനു കരുത്തായത്. അര്‍ഹിച്ച സെഞ്ച്വറിയാണ് ശുഭ്മാന്‍ ഗില്ലിനു നഷ്ടമായത്. താരം 96 പന്തില്‍ 14 ഫോറുകള്‍ സഹിതം 87 റണ്‍സെടുത്തു പുറത്തായി. 36 പന്തില്‍ 9 ഫോറും 2 സിക്സും സഹിതം 59 റണ്‍സെടുത്താണ് ശ്രേയസ് പുറത്തായത്. ബാറ്റിങില്‍ സ്ഥാന കയറ്റം കിട്ടി എത്തിയ അക്ഷര്‍ പട്ടേല്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 47 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 52 റണ്‍സെടുത്തു.
രോഹിത് ശര്‍മ വീണ്ടും പരാജയമായി. 7 പന്തുകള്‍ ചെറുത്ത് 2 റണ്‍സുമായി രോഹിത് മടങ്ങി. സാഖിബ് മഹ്മൂദാണ് ഇന്ത്യന്‍ നായകനെ പുറത്താക്കിയത്. ആറാമനായി ക്രീസില്‍ എത്തിയ കെഎല്‍ രാഹുലിനും തിളങ്ങാനായില്ല. താരവും 2 റണ്‍സുമായി പുറത്തായി.
ഇംഗ്ലണ്ടിനായി സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, ജേക്കബ് ബേതേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.