ഇന്ത്യക്ക് വിജയത്തുടക്കം; ശുഭ്മാന്‍ ഗില്ലിന് സെഞ്ച്വറി

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 125 പന്തില്‍ നിന്നാണ് ശുഭ്മാന്‍ നൂറ് തികച്ചത്. ഇതോടെ ഏകദിനത്തില്‍ ഗില്ലിന്റെ സെഞ്ച്വറികളുടെ എണ്ണം എട്ടായി.
നായകന് രോഹിത് ശര്‍മ 41 റണ്‍സ് ആണ് നേടിയത്. രോഹിതിന്റെ വിക്കറ്റാണ് ആദ്യം വീണത്. വിരാട് കോഹ് ലി (22) ശ്രേയസ് അയ്യര്‍ (15) അക്ഷര്‍ പട്ടേല്‍ (എട്ട്) എന്നിവരാണ് പുറത്തായത്. ശുഭ്മാന്‍ ഗില്‍ 101 റണ്‍സും കെഎല്‍ രാഹുല്‍ 41 റണ്‍സും നേടി പുറത്താകാതെ നിന്നു
ഏകദിന ക്രിക്കറ്റില്‍ 11,000 റണ്‍സെന്ന നേട്ടം ബംഗ്ലദേശിനെതിരായ മത്സരത്തില്‍ രോഹിത് സ്വന്തമാക്കി. 11,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. 261 ഇന്നിങ്സുകളില്‍നിന്നാണ് രോഹിത് 11,000 റണ്‍സ് തികച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. വിരാട് കോഹ്ലി 222 ഇന്നിങ്സുകളില്‍ 11,000 പിന്നിട്ടിരുന്നു. സച്ചിന് 276 ഇന്നിങ്സുകളിലും സൗരവ് ഗാംഗുലി 288 ഇന്നിങ്സുകളിലുമാണ് 11,000 റണ്‍സിലെത്തിയത്.