ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം, പരമ്പര

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നേടിയ സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം. ഈ ജയത്തോടെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 319 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 305 റണ്‍സ് മാത്രമാണ് നേടാനായത്.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 318 റണ്‍സ് നേടിയത്. ജമീമ റോഡ്രിഗസ് (50), സ്മൃതി മന്ധാന (45), ഹര്‍ലീന്‍ ഡിയോള്‍ (45) റിച്ച ഘോഷ് (38 നോട്ടൗട്ട്) എന്നിവരുടെ മികച്ച പ്രകടനങ്ങളും ഇന്ത്യന്‍ ഇന്നിങ്സിനു കരുത്തായി. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരായ ഉയര്‍ന്ന മൂന്നാമത്തെ ടീം സ്കോറാണിത്.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് തുടക്കം മുതൽ പാളി. ഓപ്പണര്‍മാരെ അതിവേഗം മടക്കിയ ക്രാന്തി ഗൗഡ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. പിന്നാലെ എമ്മ ലാംബും സ്കൈവര്‍-ബ്രണ്ടും 162 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്കൈവര്‍-ബ്രണ്ട് 98 റണ്‍സ് നേടി ടോപ് സ്കോററായി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരം തങ്ങൾക്ക് അനുകൂലമാക്കി. അവസാന ഓവറില്‍ 305 റണ്‍സിന് ഇംഗ്ലണ്ട് ഓൾ ഔട്ടായി. ക്രാന്തി ഗൗഡ് 52 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തി ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.