‘3 ദശലക്ഷം പടയാളികള്‍’; ഇന്‍സ്റ്റഗ്രാമില്‍ നേട്ടവുമായി കേരള ബ്ലാസ്റ്റേഴ്സ്
ഇന്‍സ്റ്റഗ്രാമില്‍ 3 ദശലക്ഷം ഫോളോവേഴ്സുമായി കേരള ബ്ലാസ്റ്റേഴ്സ്. രാജ്യത്ത് സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ടീം എന്ന ഖ്യാതി ഉറപ്പിച്ചിരിക്കുകയാണ് കൊമ്പന്മാര്. ട്വിറ്ററിലും ഫേസ്ബുക്കിലുമായി നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ആരാധകക്കൂട്ടമാണ് ബ്ലാസ്റ്റേഴ്സിന് സ്വന്തമായി ഉള്ളത്. ‘3 ദശലക്ഷം പടയാളികള്‍’ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ നേട്ടം പങ്കുവെച്ചിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ സമൂഹ മാധ്യമങ്ങളിലെ ജനപ്രീതി ആഗോളതലത്തില്‍ പലവട്ടം അംഗീകരിക്കപ്പെട്ടതാണ്. സ്പെയ്ന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദെപ്പോര്ത്തെസ് ഫിനാന്‍സെസ് (Deportes Finanzas) എന്ന റിസേര്‍ച്ച് സ്ഥാപനം 2022 ആദ്യപാദത്തിലെ സമൂഹ മാധ്യമങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യയിലെ മികച്ച ഫുട്ബോള്‍ ക്ലബായി ബ്ലാസ്റ്റേഴ്സിനെ തെരഞ്ഞടുത്തിരുന്നു. ആഗോളതലത്തില്‍ പലപ്പോഴും പല യൂറോപ്യന്‍ വമ്പന്മാരെക്കാള് ‘ഇന്ററാക്ഷന്‍സ്’ ബ്ലാസ്റ്റേഴ്സ് നേടുന്നത് മികച്ച ആരാധകക്കുട്ടത്തിന്റെ തെളിവാണ്.
ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്നിവയുടെ ഔദ്യോഗിക പേജിനെക്കാള്‍ ആരാധക പിന്തുണ ബ്ലാസ്റ്റേഴ്സിനുണ്ട്. ഐ എസ് എല്ലിന് 1.4 ദശലക്ഷം ഫോളോവേഴ്സും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് 1.3 ദശലക്ഷം ഫോളോവേഴ്സുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.
Content Highlight: Kerala Blasters, Instagram, 3M Followers, Indian Super League