രോഹിത്തിനെ നേരിടാൻ കോഹ്ലി എത്തുന്നു; ഇന്ന് മുംബൈ – ബംഗളൂരു പോരാട്ടം
ഐപിഎല്ലിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ‘ഹോം ഗ്രൗണ്ട്’ ആനുകൂല്യം മുതലാക്കി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ്. ഇരു ടീമുകളും അവരുടെ അവസാന മത്സരത്തിൽ തോൽവി വഴങ്ങിയ ശേഷമാണ് ഇന്നത്തെ പോരാട്ടത്തിന് എത്തുന്നത്.
കഴിഞ്ഞ മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ മികവിൽ ബംഗളൂരുവിനെ രാജസ്ഥാൻ തോൽപ്പിച്ചിരുന്നു. മുംബൈ ഇന്ത്യൻസ് ആദ്യ മത്സരം ജയിച്ചാണ് ടൂർണമെന്റ് തുടങ്ങിയത്. എന്നാൽ അതിന് ശേഷം രണ്ട് മത്സരങ്ങളിലും കനത്ത തോൽവികൾ നേരിടേണ്ടി വന്നിരുന്നു. വിജയ വഴിയിൽ തിരിച്ചെത്താൻ ഇരു ടീമുകൾക്കും ഇന്ന് വിജയം അനിവാര്യമാണ്.
മുംബൈ നേരിടുന്ന പ്രധാനപ്രശ്നം ബാറ്റിങ് നിരയിലെ മോശം പ്രകടനമാണ്. ടീമിന്റെ മിഡിൽ ഓർഡറിന് ഇതുവരെ സ്ഥിരത കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിലക് വർമയും സൂര്യകുമാർ യാദവും മുൻ സീസണുകളിലെ അപേക്ഷിച്ച് ഫോമിലേക്ക് എത്തിയിട്ടില്ല. ബൗളിങ്ങിൽ ജസ്പ്രിത് ബുംറയിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ.
അതേ സമയം, ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനമാണ് ആർസിബിയുടേത്. കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ ബാറ്റിങ് നിര ശക്തമാണ്. നായകൻ രജത് പടിദാര്‍, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ എന്നിവർ മികച്ച ഫോമിലാണ്.








